'വീ സാറ്റി'ല്‍ അഭിമാനം... തിരുവനന്തപുരം : പുതുവത്സര ദിനത്തിൽ തിരുവനന്തപുരം പൂജപ്പുര എൽ ബി എസ് എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിനികളുടെ ആഹ്ലാദം വാക്കുകൾക്ക് അതീതമായിരുന്നു (Kerala students developed payload in WESAT). കേരളത്തിൽ വിദ്യാർഥികൾ അതും സ്ത്രീകൾ മാത്രം ചേർന്ന് നിർമിച്ച ആദ്യ ഉപഗ്രഹമായ വീ സാറ്റ് (women engineered satellite) നാടിന്‍റെ അഭിമാനമായി പുതുവത്സര ദിനത്തിൽ ഭ്രമണപഥത്തിൽ എത്തി. ഇന്ന് രാവിലെ 9.10 ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച പി എസ് എൽ വി - സി 58 ലാണ് 4 വർഷത്തെ വിദ്യാർഥികളുടെ സ്വപ്‌നവും അധ്വാനവും കുതിച്ചുയർന്നത്.
അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് രശ്‌മികളെ കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഉപഗ്രഹം, ലോഞ്ചിങ്ങിന് പിന്നാലെ ഡാറ്റകൾ കൈമാറിയെന്നും അധികൃതർ പറഞ്ഞു. പിന്നാലെ ശ്രീഹരിക്കോട്ടയിൽ ഉയർന്ന കരഘോഷത്തേക്കാൾ ഒച്ചത്തിൽ എൽ ബി എസ് കോളജിലെ ഓഡിറ്റോറിയത്തിലും കയ്യടി ഉയർന്നു. വിദ്യാർഥികളും അധ്യാപകരും അടക്കം നിരവധി ആളുകളാണ് കോളജിലെ അവധി ദിനത്തിലും വിക്ഷേപണ ദൗത്യത്തിന് സാക്ഷിയാകാൻ കോളജിൽ ഒത്തുകൂടിയത്.
എൽ ബി എസ് കോളജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനികൾ ചേർന്ന് രൂപീകരിച്ച സ്പേസ് ക്ലബിന്‍റെ നേതൃത്വത്തിൽ 2019 ലാണ് പദ്ധതിക്ക് തുടക്കമാകുന്നത് (WESAT Poojapura LBS College students developed payload). തുടർന്ന് പരീക്ഷണ അടിസ്ഥാനത്തിൽ കോളജിൽ സ്ഥാപിക്കുകയും ചെയ്‌തു. 2023 സെപ്റ്റംബറിലാണ് ഐ എസ് ആർ ഒ അധികൃതരുമായി കോളജ് അധികൃതർ ചർച്ച നടത്തുകയും ധാരണ പത്രം കൈമാറുകയും ചെയ്‌തത്. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ പ്രോജക്റ്റ്, പൂർത്തിയാക്കി. പിന്നീട് വി എസ് എസ് സിയിൽ വച്ച് നടന്ന വിവിധ പരിശോധനകളും വിജയകരമായി പാസായി.
പി എസ് എൽ വിയുടെ 60-ാമത് വിക്ഷേപണത്തിൽ 10 പേലോഡുകൾക്കൊപ്പമാണ് വീ സാറ്റും ഉയർന്നു പൊങ്ങിയത്. കോളജിലെ പൂർവ വിദ്യാർഥികളടക്കം 140 അംഗങ്ങൾ ചേർന്ന് നിർമിച്ച ഉപഗ്രഹത്തിന് നേതൃത്വം നൽകിയത് കോളജിലെ അധ്യാപികയായ ലിസി എബ്രഹമാണ്. ശ്രീഹരി കോട്ടയിൽ അസുലഭ മുഹൂർത്തത്തിന് ദൃക്‌സാക്ഷികളാകാൻ സ്പേസ് ക്ലബിലെ 40 വിദ്യാർഥികളും ഉണ്ടായിരുന്നു.
അതേസമയം, ഇന്ത്യയുടെ ആദ്യ എക്‌സ്–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്‍പോസാറ്റ് പൂര്‍ണമായും രൂപകല്‍പന ചെയ്‌തത് ഐഎസ്ആര്‍ഒയിലെ വനിത ശാസ്‌ത്രജ്ഞരും എഞ്ചിനീയര്‍മാരും ചേര്‍ന്നാണെന്ന് ദൗത്യത്തിന്‍റെ ഡയറക്‌ടര്‍ ഡോ. എം ജയകുമാര്‍ പ്രതികരിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നും എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപണം നടത്തിയതിന് പിന്നാലെയാണ് മിഷന്‍ ഡയറക്‌ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശാസ്‌ത്ര സാങ്കേതിക മേഖലയിലെ സ്ത്രീശാക്തീകരണം വ്യക്തമാക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.