തിരുവനന്തപുരം :ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പടെയുള്ളവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആഴ്‌ചയില്‍ മൂന്ന് ദിവസം സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്നുചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. വെള്ളിയാഴ്‌ചകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ശനിയാഴ്‌ചകളില്‍ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഞായറാഴ്‌ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഉന്നതതലയോഗം ചേര്‍ന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പനിയുടെ തോത് താരതമ്യേന കുറവാണെങ്കിലും വരും ദിവസങ്ങളില്‍ പനി കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എലിപ്പനി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തിയിട്ടുണ്ട്.
ഹൈ റിസ്‌ക് വിഭാഗം : ജലാശയങ്ങളുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കന്നുകാലികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കമുള്ളവര്‍ എന്നിവരെല്ലാം ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ തൊഴിലിലേര്‍പ്പെടുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നാളെ (23.6.2023) കുട്ടികളെ പനിയെ കുറിച്ച് ബോധവത്‌കരിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ആരോഗ്യ അസംബ്ലി ചേരും.
also read :Viral Fever: പകർച്ചപ്പനി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തെഴുതി വി.ഡി സതീശൻ