തിരുവനന്തപുരം: വേനൽ ചൂടിൽ കേരളം ഉരുകിയൊലിക്കുമ്പോൾ കുളിർമയേകി വേനൽ മഴയെത്തി. തിരുവനന്തപുരം ജില്ലയിൽ അപ്രതീക്ഷിതമായെത്തിയ വേനൽ മഴ കൊടും ചൂടിൽ ജനങ്ങൾക്ക് ആശ്വാസമേകി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
ജില്ലയിൽ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ മാത്രം അരമണിക്കൂറിൽ 16.5 മി.മീ മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (27-04-2023) എറണാകുളം ജില്ലയിലും 28ന് വയനാട് ജില്ലയിലും 29ന് പാലക്കാടും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനല്‍ മഴയെത്തിയെങ്കിലും ചൂട് അസഹനീയം:വേനൽ മഴ എത്തിയെങ്കിലും പല ജില്ലകളിലും ഉയർന്ന താപനിലയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയിൽ താപനില സാധാരണയെക്കാൾ 2 °C - 3 °C വരെ ഉയർന്ന് 38°C വരെ എത്തി നിൽക്കുകയാണ്. കോഴിക്കോട് ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില.