കേരളം

kerala

Weather Update| സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

By

Published : Jul 2, 2023, 3:29 PM IST

Updated : Jul 2, 2023, 3:45 PM IST

കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും കാലാവസ്ഥ മോശമാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് മാർഗനിർദേശം നൽകി കാലാവസ്ഥ വകുപ്പ്

rain  Weather update Kerala  Weather  kerala weather  kerala rain  ശക്തമായ മഴ  മഴ  കേരളത്തിലെ കാലാവസ്ഥ  കാലാവസ്ഥ വകുപ്പ്
Weather

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ച്ചയായി കനത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനൊപ്പം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.

ഇവയെല്ലാം കേരളത്തിലെ കാലവര്‍ഷ കാറ്റിന് അനുകൂലമാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. ഇന്ന് മുതല്‍ ജൂലൈ അഞ്ച് വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൂടാതെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട് :ഇന്ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ(ജൂലൈ 3) ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, വയനാട് എന്നിവ ഒഴികെയുള്ള ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ചയോടെ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. ചൊവ്വാഴ്‌ച ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ഇടുക്കി ജില്ലയില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്‌ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് : ശക്തിയായകാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

തിങ്കളാഴ്‌ച തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്ധ്രപ്രദേശ് തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ :

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കേണ്ടതാണ്.
  • വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്‌ക്കണം.
  • അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.
  • സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടുള്ളതല്ല.
  • ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
  • കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
Last Updated : Jul 2, 2023, 3:45 PM IST

ABOUT THE AUTHOR

...view details