തിരുവനന്തപുരം : സംസ്ഥാനത്ത് ബാലവേല തടയാന്‍ ഇന്‍സന്‍റീവ് പദ്ധതിയുമായി വനിത-ശിശുക്ഷേമ വകുപ്പ്. പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ബാലവേല തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശിശു വികസന വകുപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കൊവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് 2,500 രൂപ ഇന്‍സന്‍റീവ് നല്‍കുന്നതാണ് പദ്ധതി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇവരുടെ ഫോണ്‍ നമ്പറുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.
വ്യക്തികള്‍ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍-പൊലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കുന്നതാണ്. അര്‍ഹരായവര്‍ക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നല്‍കും.