തിരുവനന്തപുരം : ചന്ദ്രയാന്‍ 3 എന്ന സ്വപ്‌ന ദൗത്യത്തിന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഐഎസ്ആര്‍ഒ ആരംഭിച്ച് കഴിഞ്ഞു. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയും എത്തും. ചന്ദ്രയാന്‍ 3നെ കുറിച്ച് ചന്ദ്രയാന്‍, മംഗള്‍യാന്‍ പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിഎസ്എസ്‌സി മുന്‍ ഡയറക്‌ടർ എം.സി ദത്തന്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
ചന്ദ്രയാന്‍ 3 ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യമാകും :വെള്ളിയാഴ്‌ച വിശാഖപട്ടണത്തെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്ന രാജ്യത്തിന്‍റെ മൂന്നാമത്തെ ശാസ്ത്ര ദൗത്യം വലിയ ചരിത്ര നേട്ടമാകുമെന്ന് എം.സി ദത്തന്‍. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ലാന്‍ഡര്‍ ഇറക്കി റോവര്‍ ഉപയോഗിച്ച് വിശദമായ പഠനമാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ചന്ദ്രന്‍റെ ഉപരിതലത്തിലെ ധാതുക്കള്‍, ജല ലഭ്യത എന്നിവയിലും വിശദമായ പഠനം നടക്കും. നാളെ വിക്ഷേപണത്തിലൂടെ ആരംഭിക്കുന്ന ദൗത്യം ഓഗസ്റ്റ് ഇരുപത്തി മൂന്നിനോ ഇരുപത്തി നാലിനോ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. പ്രൊപ്പല്‍ഷന്‍ മോഡ്യൂളിനോട് ചേര്‍ന്നാണ് ലാന്‍ഡര്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവ സങ്കീര്‍ണമായ പ്രവര്‍ത്തിയാണ് ലാന്‍ഡിങ്ങില്‍ നടക്കുക.
അല്‍ഗോരിതങ്ങളും സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച് ഏറെ സങ്കീര്‍ണമായാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ 1.4 ടണ്‍ ഭാരമുള്ള ലാൻഡർ ഇറങ്ങുക. അതിനുശേഷം ലാൻഡറിൽ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും. 25 കിലോ ഭാരമുള്ള റോവറില്‍ രണ്ട് പോ ലോഡുകളാണ് ഉള്ളത്. റോവര്‍ ചന്ദ്രോപരിതലത്തിലെ മണ്ണ് അടക്കം പരിശോധിച്ച് ആ വിവരങ്ങള്‍ ലാൻഡറിന് കൈമാറും. ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കുന്നത് ലാൻഡറാണ്. വിജയിച്ചാല്‍ ലോകത്തിനുതന്നെ അദ്ഭുതമായി ഈ ദൗത്യം മാറും.
ചന്ദ്രയാന്‍ 2 പരാജയമല്ല : രണ്ടാം ചന്ദ്രയാന്‍ ദൗത്യം പരാജയമായി കരുതാന്‍ കഴിയില്ലെന്ന് എം.സി ദത്തന്‍ പറഞ്ഞു. ലക്ഷ്യമിട്ടതിന്‍റെ 90 ശതമാനവും കൈവരിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ലാൻഡര്‍ ഇറക്കുന്നതില്‍ മാത്രമാണ് പരാജയപ്പെട്ടത്. ആദ്യ പരാജയത്തില്‍ നിന്നുകൂടി പാഠം ഉള്‍ക്കൊണ്ടാണ് ഇപ്പോഴത്തെ ദൗത്യത്തിലേക്ക് കടക്കുന്നത്. രണ്ടാം ദൗത്യത്തിലെ ഓര്‍ബിറ്റ് തന്നെയാണ് ഈ ദൗത്യത്തിനായും ഉപയോഗിക്കുന്നത്.