വി.പി ജോയിക്കും അനില്‍കാന്തിനും യാത്രയയപ്പ് തിരുവനന്തപുരം :വിരമിച്ച ചീഫ് സെക്രട്ടറി വി.പി ജോയിക്കും ഡിജിപി അനില്‍കാന്തിനും ഔദ്യോഗിക യത്രയയപ്പ്. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഒരേ ദിവസം വിരമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്.
ഈ കൗതുകം ചൂണ്ടിക്കാണിച്ച് സംസാരിച്ച മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നല്‍കിയ ആശംസ ചിരി പടര്‍ത്തി. കവി കൂടിയായ വി.പി ജോയ് വിരമിച്ചതിന് ശേഷം മധുസൂദനന്‍ നായര്‍ അടക്കമുള്ള കവികള്‍ക്ക് വെല്ലുവിളിയായി ഉയരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി. മധുസൂദനന്‍ നായര്‍ സദസില്‍ ഇരിക്കവേയാണ് മുഖ്യമന്ത്രിയുടെ ആശംസ. ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച രണ്ട് വര്‍ഷത്തിലധികം നീണ്ട കാലയളവില്‍ ആരിലും ഒരുതരത്തിലുമുള്ള അപ്രിയം ഉണ്ടാക്കാത്ത ഉദ്യോഗസ്ഥനായിരുന്നു വിപി ജോയിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണപരമായ കാര്യങ്ങള്‍ ചടുലമായി നിര്‍വഹിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. ഡിജിറ്റല്‍ രംഗത്ത് കേരളം വലിയ മുന്നേറ്റം നേടിയതിലും 900ത്തിലധികം സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിലും വി.പി ജോയിയുടെ വ്യക്തിപരമായ ഇടപെടലും താത്‌പര്യവും സഹായകരമായിട്ടുണ്ട്.
സേവനമനുഷ്‌ഠിച്ച മുഴുവന്‍ പദവികളിലും മികവാര്‍ന്ന സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അതിന് കാരണം അദ്ദേഹത്തിന്‍റെ ജന്മസിദ്ധമായ പ്രകൃതമാണ്. പരീക്ഷയ്ക്ക് 96 മാര്‍ക്ക് കിട്ടിയിട്ട് അത് കുറഞ്ഞുപോയെന്ന് പറഞ്ഞ് വീണ്ടും പരീക്ഷയെഴുതി മാര്‍ക്ക് നേടിയ ആളാണ് വിപി ജോയ്. എല്ലാം മെച്ചപ്പെടുത്തുക എന്ന നിലയാണ് എപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. ഇത് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തിന് ഏറെ സഹായകരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള സെക്രട്ടറി സ്ഥാനം വേണ്ടെന്ന് വച്ചാണ് കേരളത്തിലേക്ക് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം വിപി ജോയ് എത്തിയത്. വിരമിക്കുമ്പോള്‍ തന്‍റെ തീരുമാനം ശരിയാണെന്ന് മനസിലായതായും അദ്ദേഹം പറഞ്ഞു. കേരള വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ജോയ് വ്യക്തമാക്കി.
ഡിജിപിക്കും ആശംസ നേര്‍ന്ന് മുഖ്യമന്ത്രി :ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച അനില്‍ കാന്തിന് കൂട്ടയോട്ടത്തിലൂടെ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയപ്പും മുഖ്യമന്ത്രി തമാശയായി പരാമര്‍ശിച്ചു. നാട്ടില്‍ ക്ഷാമമില്ലാത്ത, വിവാദങ്ങളില്‍പ്പെടാതെ വിരമിക്കുന്നത് അനില്‍കാന്തിന്‍റെ മികവ് വ്യക്തമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. അത് തന്നെയാണ് അദ്ദേഹത്തെ പൊലീസ് മേധാവി സ്ഥാനത്ത് എത്താന്‍ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശംസനീയമായ രീതിയിലാണ് അദ്ദേഹം ചുമതലകല്‍ നിര്‍വഹിച്ചത്. കേരളത്തിലെ പൊലീസ് സേനയെ മികവാര്‍ന്ന നേട്ടങ്ങളിലേക്ക് അദ്ദേഹം നയിച്ചു. കുറ്റകൃത്യം തെളിയിക്കുന്നതില്‍ മികവ് പുലര്‍ത്തി രാജ്യം ശ്രദ്ധിക്കുന്ന സേനയായി ഉയര്‍ത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇരുവര്‍ക്കും സര്‍ക്കാറിന്‍റെ ഉപഹാരവും മുഖ്യമന്ത്രി കൈമാറി. സര്‍ക്കാര്‍ എല്‍പ്പിച്ച ഉത്തരവാദിത്തം നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷുമുണ്ടെന്ന് അനില്‍കാന്ത് വ്യക്തമാക്കി.
യത്രയയപ്പ് സമ്മേളനത്തില്‍ പുതിയ ചീഫ് സെക്രട്ടറി വി.വേണു സ്വാഗതവും പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ നന്ദിയും പറഞ്ഞു. മാതൃ ഭാഷ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓണ്‍ലൈന്‍ നിഘണ്ടുവിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.