കാലവർഷത്തെ നേരിടാൻ സജ്ജമായിരിക്കണമെന്ന് വി എൻ വാസവൻ കോട്ടയം : കാലവർഷത്തെ നേരിടാൻ ജില്ലയിലെ വകുപ്പുകൾ സുസജ്ജമായിരിക്കണമെന്നും വാർഡ് തലത്തിൽ വരെയുള്ള മുന്നൊരുക്ക യോഗങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി എൻ വാസവൻ. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്‌ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽക്കണ്ട് വേണം തയാറെടുപ്പുകൾ നടത്തേണ്ടത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണിടിച്ചിലും നീരൊഴുക്കും കൂടുതൽ ഉള്ള സ്ഥലങ്ങളും എക്കൽ കൂടുതലായി അടിയുന്ന പ്രദേശങ്ങളും കണ്ടെത്തി അപകടങ്ങൾ കുറയ്ക്കാനുള്ള തയാറെടുപ്പുകൾ വേണമെന്നും മന്ത്രി നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങൾ നടപ്പാക്കണം. താലൂക്ക് മുതൽ വില്ലേജ് തലം വരെ പ്രതിരോധ പ്രവർത്തനങ്ങൾ എത്തണം. യുദ്ധകാലടിസ്ഥാനത്തിൽ തന്നെ പദ്ധതികൾ നടപ്പാക്കി വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ നടപടികൾക്കും സജ്ജമാകണം.
ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ക്യാമ്പുകൾ വേണ്ടി വരുന്ന പ്രദേശങ്ങളിൽ ഏതൊക്കെ കെട്ടിടങ്ങൾ ക്യാമ്പുകളാക്കാമെന്ന് മുൻകൂട്ടി തീരുമാനിക്കണം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് വേണ്ടി വന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതിന് ടിപ്പർ ലോറികളുടെ സഹകരണം ഉറപ്പാക്കണം.
അടിയന്തര സാഹചര്യങ്ങളെ നേരിടാനും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കാനും ഡോക്‌ടർമാരും ആംബുലൻസും അടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കണം. കാലവർഷത്തെ നേരിടാൻ സർക്കാർ തലത്തിൽ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ അടക്കമുള്ളവ ജില്ലയിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ആറുകൾക്കും തോടുകൾക്കും സമീപം ആളുകൾ സെൽഫിയെടുത്തും മറ്റും അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ബോധവത്‌കരണം നടപ്പാക്കണമെന്നും ജില്ല പൊലീസ് മേധാവി അഭ്യർഥിച്ചു.
മഴക്കാല രോഗങ്ങളെ നേരിടാനായി ജൂൺ ആദ്യവാരം തന്നെ പ്രത്യേക ക്യാമ്പുകൾ തുടങ്ങിയതായി ജില്ല മെഡിക്കൽ ഓഫിസർ എൻ. പ്രിയ അറിയിച്ചു. യോഗത്തിൽ സി.കെ ആശ എംഎൽഎ ഓൺലൈനായി പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, ജില്ല കലക്‌ടർ വി. വിഗ്‌നേശ്വരി, ജില്ല പോലീസ് മേധാവി കെ. കാർത്തിക്, തദ്ദേശവകുപ്പ് ജോയിന്‍റ് ഡയറക്‌ടർ ബിനു ജോൺ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് റെജി പി ജോസഫ്, ആർഡിഒമാരായ പി.ജി രാജേന്ദ്ര ബാബു, വിനോദ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
ALSO READ :സംസ്ഥാനത്ത് കാലവര്‍ഷമെത്തി; കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലർട്ട്
അതേസമയം ജൂണ്‍ എട്ടിന് സംസ്ഥാനത്ത് കാലവർഷമെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചുണ്ട്. ജൂണ്‍ നാലിന് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കടലില്‍ ചൂട് കൂടുതലായതും കടല്‍ക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുകൂലമാകാത്തതും കാലവര്‍ഷം വൈകിയതിന് കാരണമാകുകയായിരുന്നു.