കേരളം

kerala

ETV Bharat / state

'മതേതരത്വത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തു'; നേതൃത്വത്തെ കടന്നാക്രമിച്ച് വിഎം സുധീരന്‍

VM Sudheeran VS KPCC President K Sudhakaran: സുധാകരനെതിരെ വി എം സുധീരന്‍, ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാകില്ലെന്ന് സുധീരന്‍. കോണ്‍ഗ്രസ് പ്രതികരിക്കണമെന്ന് മന്ത്രി എം ബി രാജേഷിന്‍റെ എഫ് ബി പോസ്റ്റ്.

വിഎം സുധീരന്‍  Sudheeran vs Sudhakaran  സുധാകരന്‍ വിമര്‍ശിച്ചു  സുധീരന്‍ മറുപടി പറഞ്ഞു
Congress Leader VM Sudheeran VS KPCC President K Sudhakaran

By ETV Bharat Kerala Team

Published : Dec 31, 2023, 5:27 PM IST

Updated : Dec 31, 2023, 7:18 PM IST

VM Sudheeran VS KPCC President K Sudhakaran

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റെ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. പാര്‍ട്ടി യോഗത്തില്‍ പറയേണ്ട കാര്യം മാധ്യമങ്ങളോട് പറഞ്ഞത് തെറ്റായ കാര്യമെന്ന് വി എം സുധീരന്‍ പറഞ്ഞു. ഒരു കെപിസിസി പ്രസിഡന്കറ് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സുധാകരന്‍ ചെയ്‌തത്.

തന്നെ തള്ളി പറഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നിലപാട് ഔചിത്യമായില്ല. ദീപാദാസ് മുന്‍ഷിയുടെ രീതി ശരിയായില്ല. വിയോജിപ്പുള്ളവര്‍ പാര്‍ട്ടി വിട്ട് പോകട്ടെ എന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. മതേതരത്വത്തിലും സാമ്പത്തിക നയത്തിലും കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തു എന്ന് വി എം സുധീരന്‍ പറഞ്ഞു.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാകില്ലെന്നും വി എം സുധീരന്‍ വിമര്‍ശിച്ചു. പാര്‍ട്ടി വിട്ടുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. കെ സുധാകരന്‍റെ പ്രസ്‌താവന അണികളെ തെറ്റിധാരണയിലെത്തിക്കും. വസ്‌തുതാ വിരുദ്ധമായ പ്രസ്‌താവനകളാണ് സുധാകരന്‍ നടത്തിയത്.

പുതിയ നേതൃത്വം വന്നപ്പോള്‍ ഗ്രൂപ്പ് അതിപ്രസരത്തിന് മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. 2016 തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് നോക്കാതെ മെറിറ്റ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ ഫലം അനുകൂലമായേനെ. പാര്‍ട്ടിയില്‍ പുനഃസംഘടനാ നടന്നത് ഏകപക്ഷീയമായി. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കി യിരുന്നു.

നിലവില്‍ സംസ്ഥാനത്ത് 5 ഗ്രൂപ്പുകളാണുള്ളത്. നേരത്തെ ഇത് 2 ഗ്രൂപ്പുകളായിരുന്നു. കെപിസിസി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും വി എം സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിഎം സുധീരന്‍ പറഞ്ഞത് ശരിവച്ച് മന്ത്രി എം ബി രാജേഷിന്‍റെ എഫ് ബി പോസ്റ്റ്:

വി എം സുധീരൻ മാധ്യമങ്ങളുമായി സംസാരിച്ചത് യാദൃശ്ചികമായി തത്സമയം കാണുകയുണ്ടായി. കോൺഗ്രസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഒന്ന് കോൺഗ്രസിന്‍റെ നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് ഇപ്പോൾ രാജ്യത്തെ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മൻമോഹൻ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബിജെപിയും ഇപ്പോൾ പിന്തുടരുന്നത്. ആ അർത്ഥത്തിൽ ബിജെപിക്ക് വഴിയൊരുക്കിക്കൊടുത്തത് കോൺഗ്രസിന്‍റെ സാമ്പത്തിക നയങ്ങളാണ്. രണ്ടാമത്തേത്, ബിജെപിയുടെത് തീവ്രഹിന്ദുത്വമാണെങ്കിൽ കോൺഗ്രസിന്‍റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബിജെപിയുടെ തീവ്ര വർഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ല. ബിജെപിയുടെ വർഗീയതയെ നേരിടുന്നതിലുള്ള കോൺഗ്രസിന്‍റെ ചാഞ്ചാട്ടവും പതർച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ കാണുന്നത്. വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുണ്ടായിരുന്നുവെങ്കിൽ ആ ക്ഷണം കയ്യോടെ നിരാകരിക്കേണ്ടതായിരുന്നു. ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

ഈ വിമർശനങ്ങൾ ഇടതുപക്ഷം എത്രയോ കാലമായി ഉയർത്തിക്കൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷം ഉന്നയിച്ച വിമർശനങ്ങളെ കണക്കിലെടുക്കാത്ത കേരളത്തിലെ കോൺഗ്രസ്, മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരന്‍റെ ഈ വിമർശനങ്ങളോട് എന്ത് നിലപാടെടുക്കും? ഗുരുതരമായ വിമർശനങ്ങളാണ് സുധീരൻ ഉയർത്തിയിട്ടുള്ളത്. കോൺഗ്രസിന്‍റെ രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയെത്തന്നെ ഇളക്കുന്ന, ചോദ്യം ചെയ്യുന്ന ഈ അതിനിശിത വിമർശനങ്ങൾക്ക് എന്ത് മറുപടിയുണ്ട് കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷനേതാവിനും? സുധീരൻ പറഞ്ഞ അഞ്ച് ഗ്രൂപ്പുകളെക്കുറിച്ചും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ അതിപ്രസരത്തെക്കുറിച്ചും, അതിൽ കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷനേതാവിന്‍റെയും പങ്കിനെക്കുറിച്ചൊന്നും പറയുന്നില്ല. അതെല്ലാം കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളാണ്. അവർ നോക്കട്ടെ. പക്ഷെ അദ്ദേഹം ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ആ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചേ തീരൂ.

Last Updated : Dec 31, 2023, 7:18 PM IST

ABOUT THE AUTHOR

...view details