തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പുരോഗതിയില്‍ നിര്‍ണായകമാകുമെന്ന് കരുതിയ വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്നും പാതിവഴിയിലാണ്. 2015 ഡിസംബർ അഞ്ചിന് നിർമാണോദ്ഘാടനം നടത്തി, ആയിരം ദിവസത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു നിർമാണ ചുമതല ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്‍റെ പ്രഖ്യാപനം. തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു അഞ്ചുവർഷം കഴിയുമ്പോൾ നിർമാണം പൂർത്തിയാക്കാതെ മറ്റൊരു സര്‍ക്കാര്‍ കൂടി പടിയിറങ്ങുകയാണ്.
പുലിമുട്ട് നിർമാണം 30 ശതമാനം മാത്രമാണ് പൂർത്തിയായത്. ഓഖി ചുഴലിക്കാറ്റും പാറ ക്ഷാമവും പദ്ധതി വൈകാൻ കാരണമായെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന വിശദീകരണം. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം 1425 ദിവസം കൊണ്ട് പണി പൂർത്തിയാക്കേണ്ടതായിരുന്നു. ഇതനുസരിച്ച് 2019 ഡിസംബർ 19നാണ് നിർമാണം പൂർത്തിയാക്കേണ്ടത്. അല്ലാത്തപക്ഷം പ്രതിദിനം സർക്കാരിന് നഷ്ടപരിഹാരം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ അദാനിക്ക് വേണ്ടി ഈ വ്യവസ്ഥ സർക്കാർ എടുത്തു മാറ്റുകയായിരുന്നു.