തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ഇടതു സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. 1990 നു ശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന സർക്കാരിന് അനുകൂലമായി തദ്ദേശ വിധി ഉണ്ടാകുന്നത്. വർഗീയ ദ്രുവീകരണം നടത്തി അതിലൂടെ വിജയം പങ്കുവയ്ക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ വോട്ട് കച്ചവടമെന്നും വിജയരാഘവൻ പറഞ്ഞു. വികസനപ്രവർത്തനങ്ങളും മുന്നേറ്റങ്ങളും നടത്തിയത് വഴി തുടർഭരണം ഉണ്ടാകണം. ഇതിനായി ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനം വഴി വിവിധ മേഖലകളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കും.
തദ്ദേശവിധി ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് എ വിജയരാഘവൻ - എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ
1990 നു ശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന സർക്കാരിന് അനുകൂലമായി തദ്ദേശ വിധി ഉണ്ടാകുന്നത്. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ വോട്ട് കച്ചവടമെന്നും വിജയരാഘവൻ പറഞ്ഞു.
വർഗീയ ധ്രുവീകരണ ശക്തികളുമായി കൂട്ടു കൂടിയത് വഴി കോൺഗ്രസിന് സ്വന്തം അടിത്തറ നഷ്ടമായി. സ്വന്തം പരിക്ക് കുറയ്ക്കാനാണ് ലീഗ് മതമൗലികവാദികളുമായി സഖ്യം ഉണ്ടാക്കിയത്. കോൺഗ്രസ് അതിന് കീഴ്പ്പെടുകയാണ് ചെയ്തത്. ബിജെപി അത്യന്തം അപകടകാരിയായ രാഷ്ട്രീയ ശക്തിയാണ്. പരിഷ്കൃത സമൂഹത്തിന്‍റെ നിലപാട് വച്ചുപുലർത്തുന്ന ബിജെപി ശക്തി പെടാതിരിക്കേണ്ടത് നാടിന്‍റെ താൽപര്യമാണെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, ഇടഞ്ഞു നിൽക്കുന്ന എൻ.സി.പിയുമായി പ്രശ്നങ്ങൾ ഇല്ലെന്നും പൂർണ്ണ സംതൃപ്തരാണെന്നും വിജയരാഘവൻ വ്യക്തമാക്കി. ജോസ് കെ. മാണി പക്ഷത്തിന്‍റെ വരവ് കോട്ടയത്തു മാത്രമല്ല കേരളത്തിൽ മുഴുവൻ ഗുണം ചെയ്തു. തദ്ദേശസ്ഥാപനങ്ങളിൽ ഘടകകക്ഷികൾക്ക് നല്ല പരിഗണന നൽകുമെന്നും വിജയരാഘവൻ പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ അറിയിച്ച് ഈ മാസം 23 ന് ഇടതു മുന്നണി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.