തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മൊഴിയെടുക്കൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി വിജിലൻസ്. ഇന്നലെയാണ് (11.11.2022) കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. ഇനി മൊഴിയെടുക്കലാണ്.
വിവാദ കത്ത്; മേയറുടെയും ഡിആര്‍ അനിലിന്‍റെയും മൊഴിയെടുക്കാനൊരുങ്ങി വിജിലന്‍സ് - സ്‌റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍
കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മേയറുടെയും ഡിആര്‍ അനിലിന്‍റെയും പേരുകളില്‍ പുറത്തുവന്ന കത്തിനു പിന്നിൽ അഴിമതിയുണ്ടോയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുക.
മേയര്‍ ആര്യ രാജേന്ദ്രന്‍റെയും ഡി.ആര്‍ അനിലിന്‍റെയും മൊഴി രേഖപ്പെടുത്തുകയാണ് ആദ്യ ഘട്ടം. മേയര്‍ ആര്യ രാജേന്ദ്രന്‍റെയും, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍ അനിലിന്‍റെയും പേരുകളില്‍ പുറത്തു വന്ന കത്തുകളില്‍ അഴിമതിയുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. കത്തും, ഒപ്പും വ്യാജമെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി.
എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും, കൗൺസിലർ ഡിആർ അനിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മൊഴി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ മൊഴിയെടുക്കുന്നതിനായി വിജിലൻസ് മേയറുടെയും, ഡി.ആര്‍ അനിലിന്‍റെയും സമയം തേടും.