കേരളം

kerala

ETV Bharat / state

പിഎസ്‌സി കോച്ചിങ് സെന്‍ററുകളില്‍ സർക്കാർ ഉദ്യോഗസ്ഥരും ക്ലാസ് എടുക്കുന്നുവെന്ന് കണ്ടെത്തല്‍

സർക്കാര്‍ ഉദ്യാഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളിൽ പിഎസ്‌സി പരിശീലന ക്ലാസ് എടുക്കുന്നുണ്ടെന്ന് പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്

vigilance raid  Psc vigilance  സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലന ക്ലാസ്
വിജിലൻസ്

By

Published : Feb 23, 2020, 5:01 PM IST

തിരുവനന്തപുരം: സ്വകാര്യ പിഎസ്‌സി പരിശീലന സ്ഥാപനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരും ക്ലാസ് എടുക്കുന്നതായി കണ്ടെത്തൽ. വിവിധ സ്ഥാപനങ്ങളിലായി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ആരോപണം സ്ഥിരീകരിച്ചത്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന സ്ഥാപനം നടത്തുന്നു എന്ന് പരാതി ഉയർന്നിരുന്നു.

തിരുവനന്തപുരത്തെ ലക്ഷ്യ, വീറ്റോ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. പൊതുഭരണ വകുപ്പിലുള്ള ഉദ്യോഗസ്ഥൾ ബിനാമി പേരുകളിൽ നടത്തുന്ന സ്ഥാപനങ്ങളാണ് ഇവയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഫയർഫോഴ്‌സ് ജീവനക്കാരനാണ് പരിശീലനം നൽകിയിരുന്നത്. ഇയാളുടെ വിശദമായ വിവരങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചു. ഇക്കാര്യം വകുപ്പ് മേധാവിയെ അറിയിക്കും. തുടർനടപടികൾ വകുപ്പ് മേധാവിയാണ് തീരുമാനിക്കുക. ഇത്തരത്തിൽ നിരവധി ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥർ ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിലാണ് ഇത്തരം ബിനാമി സ്ഥാപനങ്ങൾ തുടങ്ങിയിരിക്കുന്നതെന്നും വിജിലൻസ് സംഘം സ്ഥിരീകരിച്ചു.

ഷിബു, രഞ്ജൻ തുടങ്ങിയ സർക്കാർ ജീവനക്കാരാണ് ഈ സ്ഥാപനങ്ങൾക്ക് പിന്നിലുള്ളത്. ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2013 മുതൽ സർക്കാർ സർവീസിൽ നിന്ന് ദീർഘകാല അവധിയിലാണ് ഷിബു. രഞ്ജന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് വീറ്റോ എന്ന സ്ഥാപനത്തിന് പിന്നിലുള്ളത്. വീറ്റോയുടെ വെഞ്ഞാറമൂട്ടിലെ ഹെഡ് ഓഫീസിലും റെയ്ഡ് നടന്നു. പരാതി വിവരങ്ങൾ പുറത്തുവന്ന ഉടൻ തന്നെ സ്ഥാപനത്തിലെ പല രേഖകളും മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചും വരുമാനം സംബന്ധിച്ചും വിജിലൻസ് വിശദമായി പരിശോധിക്കും. പിഎസ്‌സിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഇവർ ചോദ്യപ്പേപ്പറുകൾ ചോർത്തിയെന്നാണ് പിഎസ്‌സിക്ക് ലഭിച്ച പരാതിയിൽ ആരോപിക്കുന്നത്. ഗുരുതരമായ ആരോപണം അന്വേഷിക്കണമെന്ന് പിഎസ്‌സി പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിജിലൻസിന് പരാതി കൈമാറിയത്.

For All Latest Updates

ABOUT THE AUTHOR

...view details