കേരളം

kerala

ETV Bharat / state

ബാർകോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം - ബാർ കോഴ

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നൽകിയെന്ന ബാർ ഉടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

vigilance investigation against ramesh chennithala  ramesh chennithala  bar bribery  രമേശ് ചെന്നിത്തല  ബാർ കോഴ  വിജിലൻസ് അന്വേഷണം
ബാർ കോഴ: രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം

By

Published : Nov 21, 2020, 8:40 AM IST

തിരുവനന്തപുരം: ബാർകോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം. അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നൽകിയെന്ന ബാർ ഉടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഉടൻ ഗവർണർക്കും സ്‌പീക്കർക്കും അയക്കും.

ബാർകോഴ ആരോപണത്തിൽ കേരള കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. കെപിസിസി പ്രസിഡന്‍റ് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും കെ. ബാബുവിന് 50 ലക്ഷം രൂപയും വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപയും നൽകി എന്നായിരുന്നു ബിജു രമേശ് പറഞ്ഞത്. ഇതിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കേസ് എടുത്ത് അന്വേഷിക്കാമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ജനപ്രതിനിധികളായതിനാൽ രമേശ് ചെന്നിത്തലയ്ക്കും വി.എസ് ശിവകുമാറിനും എതിരെ കേസ് എടുക്കണമെങ്കിൽ ഗവർണറുടെ അനുമതി ആവശ്യമാണ്. ഇത് ലഭിച്ചാൽ ഉടൻ വിജിലൻസ് തുടർ നടപടികളിലേക്ക് കടക്കും. ബാർകോഴക്കേസില്‍ ആദ്യം കെ.എം മാണിക്കും എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനും എതിരെ മാത്രമാണ് അന്വേഷണം നടന്നത്. കെ.എം മാണിക്കെതിരെ ബിജു രമേശ് അന്ന് കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു. എന്നാൽ രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു നേതാക്കൾക്കെതിരെ മൊഴിയിൽ പരാമർശം ഉണ്ടായിരുന്നില്ല. സോളാർ കേസ് ഉൾപ്പെടെയുള്ളവയില്‍ യുഡിഎഫ് നേതാക്കൾക്കെതിരായ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ABOUT THE AUTHOR

...view details