കേരളം

kerala

ETV Bharat / state

പിഎസ്‌സി പരിശീലനം; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരം  പിഎസ്‌സി പരിശീലനം  വിജിലന്‍സ് അന്വേഷണം ആരംഭിച്ചു  കെഎഎസ് പരീക്ഷ  Vigilance enquiry PSC
പിഎസ്‌സി പരിശീലനം; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

By

Published : Feb 23, 2020, 5:03 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‌സി പരിശീലനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെഎഎസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കുന്നുവെന്നായിരുന്നു ആരോപണം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കേന്ദ്രത്തിന്‍റെ നടത്തിപ്പിന് പിന്നിലെന്നാണ് വിവരം. ഇതില്‍ രണ്ട് പേര്‍ ദീര്‍ഘകാല അവധിയിലും ഒരാള്‍ സര്‍വീസിലും ഉണ്ടെന്നാണ് കണ്ടെത്തല്‍.

ആരോപണ വിധേയരില്‍ ഒരാള്‍ ശനിയാഴ്‌ച നടന്ന കെഎഎസ് പ്രിലിമിനറി പരീക്ഷ എഴുതുകയും ചെയ്‌തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ബിനാമി പേരിലാണ് സ്ഥാപനങ്ങള്‍ നടത്തുന്നത്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ വരുമാനം, സ്വത്ത് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് വിജിലന്‍സ് പരിശോധന നടത്തും. വിജിലന്‍സ് ഡിവൈ.എസ്.പി പ്രസാദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് കെഎഎസ് പരീക്ഷക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ചോദ്യങ്ങള്‍ എവിടെ നിന്നും ലഭിച്ചുവെന്നതും അന്വേഷിക്കും. ഇവര്‍ക്ക് പിഎസ്‌സിയില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നോയെന്നും പരിശോധിക്കും. പരിശീലന കേന്ദ്രത്തിനെതിരെ പിഎസ്‌സിക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിഎസ്‌സി അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. കത്ത് പൊതുഭരണ വകുപ്പ് സെക്രട്ടറി വിജിലന്‍സിന് കൈമാറുകയായിരുന്നു.

ABOUT THE AUTHOR

...view details