തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നും വരുന്ന തുക മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് പ്രതിനിധി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മെയ്തെയ് ക്രിസ്ത്യൻ വിക്‌ടിംസ് ഓഫ് മണിപ്പൂർ വൈലൻസ് പ്രതിനിധികൾ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ഗുരുതരമായ ആരോപണം (Victims of Manipur Violence Representatives).
കേരളത്തിൽ നിന്നും സഹായമയക്കുന്നവർ പണമായി അയക്കാതെ നേരിട്ടത്തി സഹായ ദ്രവ്യങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും പണം അയക്കുന്നത് നല്ല ഉദ്ദേശത്തോടെയാണ്. എന്നാൽ മണിപ്പൂരിൽ എത്തുമ്പോൾ ഇതു ദുരുപയോഗം ചെയ്യപ്പെടുന്നു. ആയുധങ്ങൾ വാങ്ങാൻ പണം ഉപയോഗപ്പെടുത്തുന്നു. സമാധാനമാണ് മണിപ്പൂരിൽ ആവശ്യം. എന്നാൽ പണം ശരിയായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. കേരളത്തിൽ നിന്നും സഹായം ആവശ്യമാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ചർച്ചകൾക്ക് പോലും കൂകി വൈദികർ പേടിച്ചിട്ട് തയ്യാറാകുന്നില്ലെന്നും മെയ്തെയ് ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഫിലേം രോഹൻ (Philem rohan singh) പറഞ്ഞു.
മണിപ്പൂരിൽ സമാധാനമാണ് ആവശ്യം. മണിപ്പൂരിൽ ആകെ 30 ലക്ഷം ജനങ്ങളാണുള്ളത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്‌നമായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്‌തില്ല. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്‍റെ പാവയായി മാറിയെന്നും മെയ്തേയ് വിഭാഗം ആരോപിച്ചു. 350 ലധികം ക്രിസ്ത്യൻ പള്ളികൾ മണിപ്പൂരിൽ ആക്രമിക്കപ്പെട്ടു. എല്ലാ ആരാധനാലയങ്ങൾക്ക് നേരെയും അക്രമണമുണ്ടായി. മെയ്തെയ് വിഭാഗങ്ങൾക്കും കൂകി വിഭാഗങ്ങൾക്കും കലാപത്തിൽ തുല്യമായ പങ്കുണ്ട്.