തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക് ഉതകുന്നവിധം നിരവധി നിയമനിർമ്മാണങ്ങള്‍ കേരള നിയമസഭ നടത്തിയതായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ താത്പര്യങ്ങൾ വരുമ്പോൾ രാഷ്‌ട്രീയത്തിന്‍റെ കണ്ണട മാറ്റിവയ്ക്കണം. വിദ്യാഭ്യാസ രംഗത്തെ കേരള മികവിന്‍റെ ഗുണഭോക്താവാണ് താനും.
പ്രമുഖരെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി :രാജസ്ഥാനിലെസൈനിക സ്‌കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപിക രത്‌ന നായരെ ഓർമിച്ചായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രതികരണം. യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെഎസ് ചിത്ര അടക്കം കേരളം രാജ്യത്തിന് സംഭാവന ചെയ്ത പ്രതിഭകളെ പേരെടുത്ത് പരാമർശിച്ച ഉപരാഷ്‌ട്രപതി സംസ്ഥാന ജനതയെ പ്രസംഗമധ്യേ പ്രശംസിച്ചു. മലയാളിയുടെ വിദ്യാഭ്യാസവും അധ്വാനശീലവും രാജ്യത്തിന് മാതൃകയാണ്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം വലിയ നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ സേവനങ്ങളെയും ജഗദീപ് ധൻകർ സ്‌മരിച്ചു. ഉപരാഷ്‌ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നുവെന്നും തിരക്കുകൾക്കിടയിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അനുമതിയുടെ കാര്യത്തിൽ അനിശ്ചിതമായ കാലതാമസമാണ് ഉണ്ടായതെന്നും ഇക്കാര്യം വിസ്‌മരിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കേരള നിയമസഭ ആവിഷ്‌കരിച്ച നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.