തിരുവനന്തപുരം :കഴിഞ്ഞ ദിവസംനിയമസഭയിലുണ്ടായ സംഘർഷങ്ങളുടെ പേരിൽ പരസ്‌പര ആരോപണ പ്രത്യാരോപണങ്ങളുമായി സ്‌പീക്കറും പ്രതിപക്ഷ നേതാവും. ഇന്ന് സഭാനടപടികളുടെ ആരംഭം മുതൽ തന്നെ പ്രതിപക്ഷം ഇന്നലത്തെ സംഘർഷം ഉന്നയിച്ചു. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെയായിരുന്നു പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചത്.
എന്നാൽ പ്രതിപക്ഷം സംസാരിക്കുന്നതിന് മുമ്പ് തന്നെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ സ്‌പീക്കർ ഇന്നലെ ചേംബറിന് മുന്നിൽ നടന്നത് ഉപരോധ സമരമായായിരുന്നുവെന്ന് വ്യക്തമാക്കി. നിർഭാഗ്യകരമായ സംഭവമാണ് ഇന്നലെ സഭയിൽ നടന്നത്. കേരളത്തിലേത് വലിയ പാരമ്പര്യമുള്ള സഭയാണ്. സഭ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത സംഭവമാണ് നടന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു.
ഉപരോധമല്ല നടന്നത് സത്യഗ്രഹം : കഴിഞ്ഞ ദിവസം നടന്നത് നിർഭാഗ്യകരമായ സംഭവമെന്ന സ്‌പീക്കറുടെ വാക്കുകളോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്‌പീക്കറുടെ ചേംബറിന് മുന്നിൽ നടന്നത് ഉപരോധസമരമല്ല സത്യഗ്രഹ സമരമായിരുന്നു. പ്രതിപക്ഷത്തിന്‍റെ അവകാശമായ റൂൾ 50 നിരന്തരമായി നിഷേധിക്കുകയാണ്. ഇതിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്‌തത്.
സ്‌പീക്കറെ വഴി തടയുകയോ ചേംബറിൽ കയറുകയോ ചെയ്‌തിട്ടില്ല. മനപ്പൂർവമായി വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ഉപദ്രവിക്കുകയായിരുന്നു. ഭരണപക്ഷത്ത് നിന്ന് രണ്ട് എംഎൽഎമാർ വനിത അംഗങ്ങളെ അടക്കം ഉപദ്രവിച്ചു. വർഷങ്ങളായി പ്രതിപക്ഷത്തിനുള്ള അവകാശം അംഗീകരിക്കാതിരുന്നാൽ സഭ സുഗമമായി നടത്താൻ അനുവദിക്കില്ല. വനിത എംഎൽഎയെ അടക്കം ആക്രമിച്ച രണ്ട് ഭരണകക്ഷി എംഎൽഎമാർക്കെതിരെയും വാച്ച് ആൻ്റ് വാർഡിനെതിരെയും നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്നലത്തെ സംഭവങ്ങളിൽ റൂളിങ് നടത്താമെന്ന് കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചതാണ്. അതിനുമുമ്പ് പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കുന്നത് ശരിയല്ലെന്ന് പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. സ്‌പീക്കറുടെ മുഖം മറയ്ക്കുന്നത് അടക്കമുള്ള പ്രതിഷേധം നിരവധി തവണ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി. സമാന്തരസഭ അടക്കം നിയമസഭയിൽ നടന്നു. എന്നിട്ടും കർശനമായ ഒരു നടപടിയും ചെയറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് എ എന്‍ ഷംസീറും വ്യക്തമാക്കി.
പ്രതിപക്ഷം സഭ ചട്ടങ്ങൾ ലംഘിച്ചെന്ന് സ്‌പീക്കർ : നിയമസഭയ്ക്കുള്ളിൽ വീഡിയോ എടുക്കാൻ പാടില്ല എന്നതാണ് ചട്ടം. എന്നാൽ പ്രതിപക്ഷം ഇത് പാലിക്കാതെ പലതവണ വീഡിയോകൾ പുറത്തുവിട്ടു. കഴിഞ്ഞ ദിവസത്തെ പോലെയുള്ള നിർഭാഗ്യകരമായ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുവിഭാഗവും സഹകരിക്കണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു. പ്രതിഷേധം പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. എന്നാൽ അതിനൊരു പരിധിയുണ്ട്. ഇക്കാര്യങ്ങൾ എല്ലാം ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.
സഭ ടിവി പ്രവർത്തിക്കുന്നത് ഏകപക്ഷീയമായി : എന്നാൽ സഭ ടിവിയിലൂടെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധമോ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതോ സംപ്രേഷണം ചെയ്യുന്നില്ലെന്ന് വിഡി സതീശൻ മറുപടി നൽകി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നത്. പ്രതിപക്ഷം പലതവണ പരാതി നൽകിയിട്ടും ഇതിൽ മാറ്റമുണ്ടായില്ല. ഭരണകക്ഷിക്ക് വേണ്ടി ഏകപക്ഷീയമായി മാത്രമാണ് സഭ ടിവി പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് വീഡിയോ പുറത്തുവിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിന്നാലെ സ്‌പീക്കർ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്‌ത് ചോദ്യോത്തര വേളയിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഭക്ഷ്യ മന്ത്രി മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞെങ്കിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടർന്നു. ഇതോടെ സഭ നടപടികൾ തുടരാൻ സാധിക്കുന്നില്ലെന്ന് സ്‌പീക്കർ വ്യക്തമാക്കി. ചോദ്യോത്തരവേള റദ്ദ് ചെയ്‌ത സ്‌പീക്കർ ശ്രദ്ധ ക്ഷണിക്കൽ, സബ്‌മിഷന്‍ എന്നിവ മന്ത്രിമാരോട് മേശപ്പുറത്ത് വയ്ക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി 15 മിനിട്ടിനുള്ളിൽ തന്നെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.