വീണ ജോര്‍ജ് വിഡി സതീശന്‍ പോര് മുറുകുന്നു തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ ആരോഗ്യ വകുപ്പിൻ്റെ ഇടപെടലുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണ ജോർജും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. ബ്രഹ്മപുരം തീപിടിത്ത വിഷയം ചർച്ച ചെയ്യാൻ അഞ്ചാം തീയതി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
മാർച്ച് 5ന് നടന്ന യോഗത്തിൽ തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അറിയാത്തതും ക്ഷണിക്കാത്തതുമായ യോഗത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. രണ്ട് എംഎൽഎമാരെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. തൃക്കാക്കര എംഎൽഎ യോഗം നടത്തുന്ന വിവരം കലക്‌ട്രേറ്റില്‍ നിന്ന് അറിഞ്ഞാണ് പങ്കെടുക്കാന്‍ പോയതെന്നും അല്ലാതെ ക്ഷണിച്ചിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
11 എംഎൽഎമാരെ യോഗത്തിന് ക്ഷണിച്ചില്ല. മന്ത്രി പറഞ്ഞത് പോലെ പച്ചക്കള്ളം പറയുന്നുവെന്ന് പറയുന്നില്ല. അവാസ്‌തവമായ കാര്യങ്ങളാണ് മന്ത്രി പറയുന്നതെന്നും സതീശൻ പറഞ്ഞു. ഒരു അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് തീപിടിത്തത്ത കുറിച്ച് മന്ത്രി പറഞ്ഞതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഡയോകസിനെ കുറിച്ച് ആരോഗ്യ മന്ത്രി കേട്ടിട്ട് പോലുമില്ല. എന്നിട്ടാണ് ഇത്തരം പരാമർശം നടത്തിയതെന്നും അതിനെയാണ് എതിർത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിൽ എന്താണ് വ്യക്തിപരമായ അധിക്ഷേപം എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കെടുകാര്യസ്ഥത തുറന്ന് കാട്ടിയതിനെ അധിക്ഷേപം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ഇന്നലെ നിയമ സഭയിൽ അടിയന്തര പ്രമേയ നോട്ടിസായി ബ്രഹ്മപുരം വിഷയം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനിടെ പത്താം ദിവസമാണ് ആരോഗ്യ മന്ത്രി മാസ്‌കിനെ കുറിച്ച് പറഞ്ഞതെന്നും ആരോഗ്യ വകുപ്പ് ബ്രഹ്മപുരം പ്രശ്‌നത്തില്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാപ്പ് പറയണമെന്നുമായിരുന്നു.
also read:ബ്രഹ്മപുരം : ആ'ശ്വാസം' നേടി കൊച്ചി ; തീയും പുകയും കെട്ടടങ്ങിയെന്ന് ജില്ല ഭരണകൂടം
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയാണ് ഉണ്ടായതെന്നും മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനം ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തീപിടിത്തം തുടങ്ങി നാല് ദിവസം മേഖലയിലെ ജനങ്ങള്‍ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ഇടപെടലുകള്‍ നടത്താതിരുന്നതെന്നുമുള്ള ആരോഗ്യ മന്ത്രിയുടെ മറുപടിയ്‌ക്ക് ഏത് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി സംസാരിക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചിരുന്നു.
വിഷപ്പുക ശ്വസിച്ചാന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്‌ധര്‍ പറഞ്ഞ സാഹചര്യത്തിലുമാണ് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
also read:ബ്രഹ്മപുരം തീപിടിത്തം: 'വിഡി സതീശന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തി, മാപ്പ് പറയണം': ആരോഗ്യ മന്ത്രി