തിരുവനന്തപുരം :ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ രാഷ്‌ട്രീയ തീരുമാനം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിദ്യാർഥികൾ നൽകിയ കത്ത് വിവാദമാക്കേണ്ട കാര്യമില്ല. വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ്. തികച്ചും സാങ്കേതികമായ ഒരു ആവശ്യമാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.
അധ്യാപകരോടാണ് അവര്‍ ആവശ്യം അറിയിച്ചത്. അതില്‍ അധ്യാപകര്‍ തന്നെ തീരുമാനമെടുക്കും. അതില്‍ മറ്റ് ഇടപെടലുകളുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററുകളിലെ വസ്‌ത്രം സംബന്ധിച്ച് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പ്രോട്ടോകോള്‍ നിലവിലുണ്ട്. ഇതാണ് പിന്‍തുടരേണ്ടത്. അണുബാധയുണ്ടാകാതെ രോഗിയെ സംരക്ഷിക്കുകയാണ് പ്രധാനം.
അതില്‍ മറ്റൊരു ഇടപെടലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ തിയേറ്ററില്‍ മതം അനുശാസിക്കുന്ന തരത്തില്‍ വസ്‌ത്രം ധരിക്കണമെന്ന ആവശ്യത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എതിര്‍ത്തു. ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം. അന്താരാഷ്‌ട്രതലത്തിലുള്ള മാനദണ്ഡമാണ് പാലിക്കേണ്ടത്. അതില്‍ ഒരു തരത്തിലുള്ള ഇടപെടലും അനുവദിക്കാന്‍ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന ഘടകം അറിയിച്ചു.
കത്ത് നൽകിയത് ഏഴ് വിദ്യാർഥികൾ :ജൂണ്‍ 26 തിങ്കളാഴ്‌ചയാണ് ഇത് സംബന്ധിച്ച കത്ത് 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയായ അഫീഫ എന്‍ എ പ്രിന്‍സിപ്പലിന് നല്‍കിയത്. മെഡിക്കല്‍ കോളജിലെ 2018, 2021, 2022 ബാച്ചുകളിലെ ഏഴ് വിദ്യാര്‍ഥികളാണ് മുഴുവൻ കൈ ജാക്കറ്റ് അടക്കം അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. തിയേറ്ററിനുള്ളില്‍ തലയും കഴുത്തും മറയ്‌ക്കുന്ന വസ്‌ത്രം അനുവദിക്കണം, മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.