തിരുവനന്തപുരം:കേരളത്തോട് കേന്ദ്രം കാട്ടുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകളും 125 നഴ്‌സിങ് കോളജുകളും അനുവദിച്ചതിൽ കേരളത്തെ പൂർണമായും ഒഴിവാക്കിയ നടപടിയ്‌ക്കെതിരെയാണ് വീണ ജോർജിൻ്റെ വിമർശനം. വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തുന്നതിന് കേന്ദ്രത്തോട് സാമ്പത്തിക പിന്തുണ തേടിയെങ്കിലും അതും ഉണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഈ അവഗണന നിർഭാഗ്യകരമാണ്. സാമ്പത്തിക പിന്തുണ അഭ്യർഥിച്ച് താൻ തന്നെ ഡൽഹിയിൽ പോയി നേരിട്ട് കാര്യങ്ങൾ സംസാരിച്ചിരുന്നു. കേരളത്തിൻ്റെ റപ്രസൻ്റേഷനും നൽകിയിരുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യം ഇനിയും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. എയിംസിൻ്റെ കാര്യത്തിലും അങ്ങനെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് എയിംസിനോട് അനുകൂല നിലപാടാണുള്ളത്. കേന്ദ്രത്തിൻ്റെ രാഷ്ട്രീയ സമീപനം കൊണ്ടാണ് കേരളത്തിന് എയിംസ് ലഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
'തെലങ്കാനയിൽ മാത്രം 12 മെഡിക്കൽ കോളജുകള്‍':കോക്ലിയർ ഇംപ്ലാൻ്റേഷൻ വിഷയത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നടപടി സ്വീകരിക്കുമെന്ന് വീണ ജോര്‍ജ്. കെഎസ്എസ്എം നൽകിയ റിപ്പോർട്ട് പ്രകാരം 38 കുട്ടികൾക്കാണ് കോക്ലിയർ ഇംപ്ലാൻ്റേഷൻ വേണ്ടത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. തുടർ നടപടികൾക്കായി സാങ്കേതിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ പുതുതായി അനുവദിച്ചതിൽ 30 സർക്കാർ മെഡിക്കൽ കോളജുകളും 20 സ്വകാര്യ മെഡിക്കൽ കോളജുകളും ഉൾപ്പെടുന്നു. 12 മെഡിക്കൽ കോളജുകളാണ് തെലങ്കാനയിൽ മാത്രം കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.