തിരുവനന്തപുരം:ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് തിരികെ ക്ഷണിച്ച് പാർട്ടി മുഖപത്രം വീക്ഷണം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തി ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെ വരികയാണെങ്കിൽ അർഹിക്കുന്ന പ്രധാന്യത്തോടെ പാർട്ടി സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽ വീക്ഷണം പറയുന്നു. രാജ്യ സഭ സീറ്റ് നൽകാമെന്ന് പറഞ്ഞ് ചെറിയാനെ രണ്ടാം തവണയും സി പി എം കബളിപ്പിച്ചുവെന്ന് മുഖ പ്രസംഗം ആരോപിക്കുന്നു.
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് തിരികെ ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം - congress
രാജ്യ സഭ സീറ്റ് നൽകാമെന്ന് പറഞ്ഞ് ചെറിയാനെ രണ്ടാം തവണയും സിപിഎം കബളിപ്പിച്ചുവെന്ന് പാര്‍ട്ടി മുഖപത്രം വീക്ഷണത്തിന്‍റെ മുഖ പ്രസംഗം പറയുന്നു.
മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചു കൊണ്ട് വിമതനായി വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ 'ചാടിക്കളിക്കെട കുഞ്ഞിരാമ' എന്ന് പറഞ്ഞ് ചുടു ചോറ് മാന്തിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു. കോൺഗ്രസുമായുള്ള ഹൃദയ ബന്ധം അറുത്ത് ചെറിയാൻ ഇടതുപക്ഷത്തേക്ക് പോയപ്പോൾ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് അത് വിഷമം സൃഷ്‌ടിച്ചുവെന്നും മാത്രവുമല്ല എകെ ആന്‍റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ അദ്ദേഹം ചൊരിഞ്ഞ അധിക്ഷേപങ്ങൾ കോൺഗ്രസിന് ഒരിക്കലും സഹിക്കാനാവുന്നതായിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വർഥമാക്കുന്നതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ ഗതി. കോൺഗ്രസിനെ ചതിച്ച ചെറിയാനെ സി പി എം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിയവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെപ്പോലെയാണ് സിപിഎം എന്നും വീക്ഷണം വിമർശിക്കുന്നു.