തിരുവനന്തപുരം: ഭരണപക്ഷത്തിന്‍റെ ധാർഷ്‌ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയ്ക്ക് അകത്തും പുറത്തും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌പീക്കറുടെ മുറിയ്ക്ക് പുറത്തുണ്ടായ സംഘർഷത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമാധാനപരമായി ഇരുന്ന് സമരം ചെയ്‌തിരുന്ന പ്രതിപക്ഷ അംഗങ്ങളില്‍ ഏറ്റവും മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ അഡിഷണൽ ചീഫ് മാർഷൽ മൊയ്‌ദീൻ ഹുസൈൻ മർദിക്കുകയായിരുന്നു.
പ്രതിപക്ഷ എംഎൽഎമാരെ ഭരണകക്ഷി എംഎൽഎമാരായ സച്ചിൻ ദേവ്, സലാം എന്നിവരും ഇവരുടെ പ്രൈവറ്റ് സ്റ്റാഫുകളും വാച്ച് ആന്‍റ് വാർഡും സംയുക്തമായി മർദിച്ചു. റൂൾ 50 പ്രകാരം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സ്‌പീക്കർ പരിഹാസ പാത്രമാകുകയാണ്. കുടുംബ അജണ്ടയാണ് ഇവിടെ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ, മന്ത്രിയായ മരുമകന് സ്‌പീക്കറോടൊപ്പം എത്താൻ കഴിയുന്നില്ല. മുഹമ്മദ് റിയാസിന്‍റെ പിആര്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നുമില്ല. അടിയന്തര പ്രമേയ അവകാശത്തെ നിരന്തരമായി തള്ളുകയാണ്. പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയാൻ മാനേജ്മെന്‍റ് കോട്ടയിൽ എത്തിയ റിയാസിന് എന്ത് അവകാശമാണുള്ളത്.
സ്‌ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മറുപടി പറയണം:ചെങ്കോട്ടുകോണത്ത് സ്‌ത്രീക്ക് എതിരെ ഉണ്ടായ ആക്രമണമാണ് അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിച്ചത്. സ്‌ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് ഉണ്ടാകുന്ന വീഴ്‌ചയിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. 2022ല്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്‌ത്രീകൾക്ക് എതിരായ അതിക്രമം പത്തൊമ്പതിനായിരത്തില്‍ അധികമാണ്.
സംസ്ഥാനത്ത് ഒരു ദിവസം 47 സ്‌ത്രീകളാണ് ആക്രമണത്തിന് ഇരയാകുന്നത്. പോക്സോ കേസുകളും മുൻ വർഷങ്ങളെക്കാൾ വർധിച്ചിട്ടുണ്ട്. ഇത് കൗരവ സഭയാണോ നിയമസഭയാണോ ?. മോദിയുടെ അതേ രീതിയിലാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരത്തിന്‍റെ കൊടുമുടിയിലാണ്. പ്രതിപക്ഷം ഇല്ലാതെയും സഭ നടക്കുമെന്നുള്ള അഹങ്കാരമാണ് ഭരണപക്ഷത്തിന്. സ്‌പീക്കറുടെ മുറിയുടെ മുൻപിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നവരെ വാച്ച് ആന്‍റ് വാർഡ് ആക്രമിക്കുകയാണ്. വാച്ച് ആന്‍റ് വാർഡിനെ വിട്ട് തല്ലിക്കുകയാണ് ഇവർ.