തിരുവനന്തപുരം :ഗവർണറോടുള്ള വിരോധം പറഞ്ഞ് സർവകലാശാലകളില്‍ മാർക്‌സിസ്റ്റ്‌വത്കരണം നടപ്പാക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും ഗവർണറും തെറ്റുകൾ ചെയ്യുന്നുണ്ട്. ഇതിനാലാണ് സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും സുപ്രീം കോടതിയിൽ പരാജയപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാരിനോടും ഗവർണറോടും പ്രതിപക്ഷത്തിന് ഒരേ നിലപാടാണ്. ഗവർണറുടെ നിയമ വിരുദ്ധമായ നിലപാടിനെ എതിർത്തിട്ടുണ്ട്. അതിനാൽ സർക്കാരിനെ വിമർശിച്ചതിനേക്കാൾ മോശമായ ഭാഷയാണ് പ്രതിപക്ഷത്തിന് നേരെ ആരിഫ് മുഹമ്മദ് ഖാന്‍ ഉപയോഗിച്ചതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ അനുകൂലിക്കുന്നു. പകരം ചാൻസലർ നിയമനത്തിൽ ചില ഭേദഗതികൾ നിർദേശിക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 14 സർവകലാശാലകൾക്കും കൂടി ഒരു ചാൻസലറെ നിയമിക്കണം.