തിരുവനന്തപുരം:കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുകെയിലുള്ള ആരോഗ്യമന്ത്രി വീണാ ജോർജുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ദയാ ബായ് മുന്നോട്ടുവച്ചിരിക്കുന്നത് വളരെ പ്രസക്തമായ ആവശ്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
'പ്രഹസനം കാണിച്ച് സമരം അവസാനിപ്പിക്കാനാവില്ല'; ദയാ ബായിയുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി വി.ഡി സതീശനെത്തി - തിരുവനന്തപുരം
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
എന്തെങ്കിലും പ്രഹസനം കാണിച്ച് സമരം അവസാനിപ്പിക്കാൻ കഴിയില്ല. സമരം ചെയ്യുന്ന വിഷയങ്ങളിൽ കൃത്യമായ നടപടികൾ ഉണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നും ആരോഗ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിൽ കണ്ട് വിഷയങ്ങൾ ഒന്നുകൂടി അവതരിപ്പിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതിനുവേണ്ടിയാണ് താൻ തലസ്ഥാനത്ത് തുടരുന്നതെന്ന് പറഞ്ഞ അദ്ദേഹം ദയാ ബായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.
നിരാഹാര സമരം പതിമൂന്നാം ദിവസം പിന്നിടുമ്പോൾ വി.ഡി സതീശൻ സമരപ്പന്തലിലെത്തി ദയാ ബായിയുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിദഗ്‌ധ ചികിത്സാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ബായിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടരുന്നത്. എയിംസ് പദ്ധതിയിൽ കാസർകോടിനെ പരിഗണിക്കുക, കാസർകോട്ടെ ആശുപത്രികളിൽ ആവശ്യമായ ചികിത്സാസംവിധാനം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാനമായ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.