തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ്റെ ലേഖനം പുതിയ വ്യാഖ്യാനങ്ങൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരായ ലോകായുക്ത കേസിൽ നിന്ന് രക്ഷപ്പെടാനാണ് നിയമഭേദഗതി.
ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷ നേതാവ് കേസ് ഫെബ്രുവരി ഒന്നിന് പരിഗണിക്കാൻ ഇരിക്കുകയാണ്. തിരിച്ചടിയുണ്ടാകുന്ന വിധിയുണ്ടാകുമെന്ന് സർക്കാരിനും ഉറപ്പാണ്. അതിൽ നിന്ന് രക്ഷപ്പെടാനാണ് 22 വർഷമായി പറയാത്ത ഭരണഘടന വിരുദ്ധത പറയുന്നത്. ഇടത് മുന്നണിയിലെ സി.പി.ഐ പോലും ഭേദഗതിയിൽ ദുരൂഹത എന്ന് പറയുകയാണ്. കോടിയേരി ബാലകൃഷ്ണൻ കാനം രജേന്ദ്രനാണ് മറുപടി കൊടുക്കേണ്ടത്.
നിയമപോദേശം ലഭിച്ചിട്ട് എട്ട് മാസത്തിനിടയിൽ നിയമ നിർമാണത്തിനായി സഭാ സമ്മേളനം ചേർന്നു. എന്നിട്ടും നിയമം പാസാക്കിയില്ല. ഇപ്പോൾ പിൻവാതിലിലൂടെ ഓർഡിനൻസ് കൊണ്ടുവരുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ എന്നുറപ്പാണ്.
READ MORE:നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി
നിയമമന്ത്രി പി.രാജീവിൻ്റേത് ദുർബലമായ പ്രതിരോധമാണ്. ലോകായുക്ത നിയമം രാഷ്ട്രപതി അംഗീകരിച്ചതാണ്. അതിൽ കാതലായ മാറ്റം വരുത്തിയാൽ രാഷട്രപതിയുടെ അംഗീകാരം ആവശ്യമാണ്. നിയമസഭ പാസാക്കിയ നിയമം നിയമവിരുദ്ധമെന്ന് നിയമമന്ത്രിക്കും പാർട്ടി നേതാക്കൾക്കും പറയാൻ കഴിയില്ല. തുടർഭരണം കിട്ടിയതിൻ്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് സർക്കാറിനെന്നും സതീശൻ വ്യക്തമാക്കി.