തിരുവനന്തപുരം : വിഴിഞ്ഞത്ത് എത്തിയത് കപ്പലല്ല ക്രെയിനാണെന്നും ഗതികേട് കൊണ്ടാണ് ഉദ്‌ഘാടനത്തിന് പോയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). ചടങ്ങിന് കപ്പലിനടുത്ത് ഞാനും ഒപ്പം നിന്നു. ഉമ്മൻചാണ്ടിയാണ് തുറമുഖം യഥാർഥ്യമാക്കിയതെന്ന് ജനങ്ങളോട് പറയാനാണ് അവിടെ പോയത്. യു ഡി എഫിന്‍റെ രണ്ടാം സെക്രട്ടേറിയറ്റ് വളയൽ സമരം (UDF Second Secretariat Blockade) ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷങ്ങൾ ചിലവാക്കി വലിയ ഷെഡെല്ലാം കെട്ടിയാണ് ഉദ്‌ഘാടനം നടത്തിയത്. ഒരു നാണവുമില്ലാതെയാണ് മുഖ്യമന്ത്രി കൊടി വീശാൻ വിഴിഞ്ഞത്ത് എത്തിയത്. സമര പരമ്പരകളുടെ ഭാഗമാണ് സെക്രട്ടേറിയറ്റ് വളയൽ. അഴിമതിയുടെ ചെളിക്കുണ്ടിലാണ് മുഖ്യമന്ത്രി. തെളിവുകൾ സഹിതം ഗുരുതരമായ ആരോപണങ്ങൾ ഒരു സർക്കാരിനെതിരെ വരുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്.
പ്രതിരോധിച്ച് ഒരു വാചകം പറയാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിഞ്ഞിട്ടില്ല. വീണ്ടും അഴിമതികൾ ആവർത്തിക്കപ്പെടുന്നു. 2041 വരെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.27 രൂപയ്ക്ക് 10 വർഷത്തേക്ക് കരാർ ഉണ്ടായിരുന്നു. പവർ പർച്ചേഴ്‌സ് റദ്ദാക്കിയതിലൂടെ ആയിരം കോടി രൂപയാണ് വൈദ്യുതി ബോർഡിന് നഷ്‌ടം. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സർക്കാരിന്‍റെ മുഖമുദ്ര. അഞ്ച് ലക്ഷത്തിന് മുകളിലും താഴെയും ചെക്ക് കൈമാറില്ല.
ഓട പണിയാൻ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ല. 500 രൂപ സ്വർണത്തിന് ഉണ്ടായിരുന്ന നികുതി തന്നെയാണ് ഇപ്പോഴും. ബാറുകളുടെ എണ്ണം വർധിച്ചിട്ടും നികുതി വരവില്ല. സ്വർണ കള്ളക്കടത്തുകാരുമായും ബാർ ഉടമകളുമായും സന്ധിയിലാണ് സർക്കാർ. സിവിൽ സപ്ലൈസ് കോർപറേഷൻ തകർന്ന് തരിപ്പണമായി. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോർഡും തകർന്നു.