കേരളം

kerala

ETV Bharat / state

VD Satheesan On AI Camera എഐ ക്യാമറയ്ക്ക് ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്, അഴിമതി മറച്ച് വയ്ക്കാന്‍ ഹൈക്കോടതിയേയും തെറ്റിദ്ധരിപ്പിച്ചു - ഗതാഗതമന്ത്രി രാജിവയ്ക്കണം

VD Satheesan against Transport Minister Antony Raju : സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗതാഗതമന്ത്രി ആന്‍റണി രാജു രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

vd satheesan on ai camera  VD Satheesan against Transport Minister  VD Satheesan  Transport Minister  ഗതാഗതമന്ത്രി  വിഡി സതീശന്‍  എ ഐ ക്യാമറ  AI camera  ഗതാഗതമന്ത്രി രാജിവയ്ക്കണം  Transport Minister should resign
VD Satheesan Against Transport Minister

By ETV Bharat Kerala Team

Published : Oct 6, 2023, 1:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan against Transport Minister). നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും ഗതാഗതമന്ത്രി രാജിവച്ചൊഴിയണമെന്നും വിഡി സതീശന്‍.

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗതമന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാല്‍ കുരുക്കാത്ത കള്ളം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. നിയമസഭ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി. 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്‌തുതകള്‍ ഇതായിരിക്കെ കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണ്.

എ ഐ ക്യാമറയുടെ പേരില്‍ നടന്ന കൊള്ള മറച്ചുവയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ കുറവുണ്ടായെന്ന വ്യാജ പ്രചരണം സര്‍ക്കാര്‍ ബോധപൂര്‍വം നടത്തുന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നല്‍കാനോ നടപടികള്‍ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഡലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകള്‍ നിര്‍മിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിപിഎം എരിതീയില്‍ എണ്ണയൊഴിക്കുന്നെന്ന്‌ വിഡി സതീശന്‍: തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്‌താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയിലൂടെ പുറത്തുവന്നത്. ഹിജാബ് നിരോധിച്ച ബിജെപി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു. ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയ കക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇത് മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്. വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്നത് സിപിഎമ്മിന്‍റെ എക്കാലത്തെയും നിലപാടാണ്. ഇത് തന്നെയാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ALSO READ:'തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത്', അനില്‍കുമാർ കൊളുത്തി വിട്ട വിവാദം കത്തുന്നു

ABOUT THE AUTHOR

...view details