തിരുവനന്തപുരം : നിയമസഭ സ്‌പീക്കറുടെ ഓഫിസിനുമുന്നിലെ സംഘർഷം ചിത്രീകരിച്ചതിന്‍റെ പേരിൽ തന്‍റെ സ്റ്റാഫുകൾക്ക് നോട്ടിസ് അയച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് നോട്ടിസ് നൽകാൻ നിയമസഭ സെക്രട്ടേറിയറ്റിന് ധൈര്യമുണ്ടോയെന്ന് വി ഡി സതീശൻ ചോദിച്ചു. തന്‍റെ സ്റ്റാഫുകളുടെ പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
തനിക്ക് ഇല്ലാത്ത ഒരു പേഴ്‌സണൽ അസിസ്റ്റന്‍റിന്‍റെ പേര് പറഞ്ഞാണ് നോട്ടിസ് അയച്ചത്. എത്ര ലാഘവത്തോടുകൂടിയാണ് നിയമസഭ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചിരിക്കുന്നത് എന്നും വി ഡി സതീശൻ ചോദിച്ചു. സ്‌പീക്കർ ഇക്കാര്യം അറിഞ്ഞിട്ടുണ്ടെങ്കിൽ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. തങ്ങളെ ഭയപ്പെടുത്താന്‍ ഭീഷണിയുമായി ആരും വരേണ്ട എന്നും തങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ കുറ്റക്കാരാക്കാം എന്ന് കരുതേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് തെളിവ് നൽകാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
നിയമസഭ സമ്മേളന കാലത്ത് നടന്നതിന്‍റെ ഒരു തുടർച്ചയാണിത്. അത് എകെജി സെന്‍ററിൽ നിന്നുള്ള നിയന്ത്രണമാണ്. നോട്ടിസ് അയച്ച സംഭവം നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഈ മാസം 23 ന് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് യാത്രയയപ്പ് നല്‍കുന്നതിനായി കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്ത സംഭവത്തിലും വി ഡി സതീശൻ പ്രതികരിച്ചു.