തിരുവനന്തപുരം:നിയമങ്ങൾ നിലവിലുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് റോഡുകളിൽ അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേഗപ്പൂട്ട് അടക്കമുള്ള നിയന്ത്രണങ്ങൾ വലിയ വാഹനങ്ങളിൽ ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് 97 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു എന്നാണ് പറയുന്നത്.
ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഈ നിയന്ത്രണങ്ങളൊന്നും നിലവിലില്ല എന്നതാണ് യാഥാർഥ്യമെന്നും വിഡി സതീശൻ ആരോപിച്ചു. ഒന്നുകിൽ ഡീലർമാർ അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുകയാണ്. ഇതിന് എതിരായ നടപടി സർക്കാർ സ്വീകരിക്കുകയാണ് വേണ്ടത്.
എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ ചർച്ചയാകുന്നത്. അല്ലാത്തപ്പോൾ ഈ വിഷയങ്ങൾ ആരും പരിഗണിക്കുന്നില്ല. ഈ സമീപനത്തിൽ മാറ്റം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.