തിരുവനന്തപുരം : തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (Opposition Leader VD Satheesan). ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്‌താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയിലൂടെ പുറത്തുവന്നത്. ഹിജാബ് നിരോധിച്ച ബിജെപി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു. (VD Satheesan About Hijab Controversy)
ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയ കക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത് (VD Satheesan About Anil Kumar's Hijab Statement).
ഇത് മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്. വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്നത് സിപിഎമ്മിന്‍റെ എക്കാലത്തെയും നിലപാടാണ്. ഇത് തന്നെയാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു (Ad.Anil Kumar's Hijab Statement).