കേരളം

kerala

ETV Bharat / state

പാരാഗ്‌ളൈഡിങ്ങിനിടെ അപകടം; പോസ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി - latest news in kerala

വർക്കലയിൽ പാരാഗ്‌ളൈഡിങ്ങിനിടെ പോസ്റ്റില്‍ കുടുങ്ങിയവരെ താഴെയിറക്കി. തമിഴ്‌നാട് സ്വദേശിയും പാരാഗ്‌ളൈഡിങ് ഗൈഡുമാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

varkala paragliding accident  പാരഗ്‌ളൈഡിങ്ങിനിടെ അപകടം  രണ്ട് പേര്‍ പോസ്റ്റിൽ കുടുങ്ങി  ഹൈമാസ് ലൈറ്റിന്‍റെ പോസ്റ്റിൽ കുടുങ്ങി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  വര്‍ക്കലയില്‍ പാരഗ്‌ളൈഡിങ്ങിനിടെ അപകടം
വര്‍ക്കലയില്‍ പാരഗ്‌ളൈഡിങ്ങിനിടെ അപകടം

By

Published : Mar 7, 2023, 5:42 PM IST

Updated : Mar 7, 2023, 7:56 PM IST

വര്‍ക്കലയില്‍ പാരഗ്‌ളൈഡിങ്ങിനിടെ അപകടം
വര്‍ക്കലയില്‍ പാരഗ്‌ളൈഡിങ്ങിനിടെ അപകടം

തിരുവനന്തപുരം: വർക്കലയിൽ പാരാഗ്‌ളൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിന്‍റെ പോസ്റ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. വിനോദ സഞ്ചരിയായ തമിഴ്‌നാട് സ്വദേശിനിയേയും പാരാഗ്ലൈഡിങ് ഗൈഡിനെയുമാണ് താഴെയിറക്കിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

രക്ഷാപ്രവർത്തനം നടത്താനായി ഒരു മുൻകരുതലായി സ്ഥലത്ത് ഫയർ ഫോഴ്‌സ് വല വിരിച്ച് കെട്ടിയിരുന്നു. ഹൈമാസ്‌റ്റ് ലൈറ്റിൽ നിന്നും പിടിവിട്ട് ഇവർ വലയിലേക്ക് ചാടുകയായിരുന്നു. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം 110 അടി ഉയരമുള്ള പോസ്റ്റിലായിരുന്നു ഇവർ കുടുങ്ങിയത്. സ്ഥലത്ത് രണ്ട് ഫയർഫോഴ്‌സ് യൂണിറ്റും പൊലീസുമായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

വർക്കല ക്ലിഫിനോട് ചേർന്നുള്ള ഹെലിപാഡില്‍ നിന്നും പറന്നു പൊങ്ങുന്നിനിടെയാണ് രണ്ട് പേരും ഹൈമാസ്റ്റ് ലൈറ്റിന്‍റെ പോസ്റ്റിൽ കുടുങ്ങിയത്. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ലഭിച്ച രണ്ട് പാരഗ്ലൈഡിങ് സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഇതിലൊന്നിൽ നിന്നാണ് ഇവർ പറന്നു പൊങ്ങിയത്. തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിനോട് ചേർന്നുള്ള സ്ഥലത്ത് എത്തിയപ്പോൾ ഇവർ താഴേക്ക് വരികയും വർക്കല പാപനാശം ബീച്ചിലുള്ള പോസ്റ്റിൽ ഇവർ കുടുങ്ങുകയുമായിരുന്നു. പാരഗ്ലൈഡിങ് നടത്തുന്നതിനിടെ കാറ്റിന്‍റെ ഗതിയിലുണ്ടായ മാറ്റമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

എന്താണ് പാരാഗ്ലൈഡിങ്: വിമാനത്തിലല്ലാതെ ആകാശത്തെ മേഘപാളികള്‍ക്കിടയിലൂടെ അപ്പൂപ്പന്‍ താടികളെ പോലെ പറന്ന് നടക്കാനാവുന്ന വിമാന യാത്രയേക്കാള്‍ ഹരം കൊള്ളിക്കുന്ന യാത്ര അതാണ് പാരാഗ്ലൈഡിങ്. വായുവിലൂടെ പറക്കുന്ന ഒരു സാഹസിക വിനോദം കൂടിയാണിതെന്ന് പറയാം. വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഇത്തരം സാഹസിക യാത്രകള്‍ നടത്തുന്നത്. പാരാച്യൂട്ടിന്‍റെ മാതൃകയില്‍ എയര്‍ഫോയിലിന്‍റെ സഹായത്താല്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ച് പറക്കുന്നതാണ് പാരച്യൂട്ട്.

പാരാഗ്ലൈഡിങ് അപകടങ്ങള്‍: രാജ്യത്തെ വിവിധയിടങ്ങളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ് പാരാഗ്ലൈഡിങ്. പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാനാകുമെങ്കിലും അതിനൊപ്പം നിരവധി അപകടങ്ങളും പതിയിരിക്കുന്നുണ്ടെന്നതാണ് വാസ്‌തവം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലെ കുളുവിലുമുണ്ടായ പാരാഗ്ലൈഡിങ് അപകടങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഹിമാചല്‍ പ്രദേശിലെ കുളുവും ഗുജറാത്തിലെ കാഡിയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. കുളുവിലുണ്ടായ അപകടത്തില്‍ മഹാരാഷ്‌ട്ര സ്വദേശിയായ സൂരജ് ഷാ എന്നയാളാണ് മരിച്ചത്. 500 അടി ഉയരത്തില്‍ നിന്നാണ സൂരജ് ഷാ താഴേക്ക് വീണത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്.

സൂരജിനൊപ്പമുണ്ടായിരുന്ന ഗൈഡ് രക്ഷപ്പെട്ടു. സുരക്ഷ ബെല്‍റ്റിന്‍റെ തകരാര്‍ മൂലമായിരുന്നു അപകടം. അതേസമയം കാഡിയിലുണ്ടായ അപകടത്തില്‍ ദക്ഷിണ കൊറിയന്‍ പൗരനായ 50 കാരന്‍ ഷിന്‍ ബിയോണി മൂണാണ് മരിച്ചത്. പാരാഗ്ലൈഡിങ്ങിനിടെ കാനപി വിരിയാതിരുന്നതാണ് അപകടത്തിന് കാരണമായത്. കാനപി വിരിയാത്തതിനെ തുടര്‍ന്ന് 50 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ഇത്തരം അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള 12 കാരന്‍ പാരാഗ്ലൈഡിങ് അപകടത്തില്‍പ്പെട്ട് മരിച്ചത് വലിയ വിമര്‍ശനങ്ങള്‍ കാരണമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാരാഗ്ലൈഡിങ് അടക്കമുള്ള സാഹസിക യാത്രകള്‍ക്ക് ഹിമാചല്‍ പ്രദേശില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Last Updated : Mar 7, 2023, 7:56 PM IST

ABOUT THE AUTHOR

...view details