തിരുവനന്തപുരം :വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ ട്രയല്‍ റണ്ണില്‍ രണ്ട് മിനിറ്റ് താമസം വന്നതില്‍, ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി പിന്‍വലിച്ച് റെയില്‍വേ. പിറവം സ്റ്റേഷനില്‍വച്ച് വേണാട് എക്‌സ്പ്രസിന് കുമാർ എന്ന ഉദ്യോഗസ്ഥന്‍ ആദ്യ സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വന്ദേ ഭാരത് രണ്ട് മിനിറ്റ് താമസിച്ചു.
സംഭവം നടന്നതിന് പിന്നാലെ മുതിര്‍ന്ന ജീവനക്കാരനും റെയില്‍വേ കണ്‍ട്രോളറുമായ കുമാറിനെ മേലുദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്‌തു. എന്നാല്‍ നടപടി വിവാദമാവുകയും തൊഴിലാളി സംഘടനകള്‍ ഇടപെടുകയും ചെയ്‌തതിന് പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുകയായിരുന്നു.
വേണാട് എക്‌സ്പ്രസും വന്ദേ ഭാരത് ട്രെയിനും പിറവം സ്റ്റേഷനില്‍ ഒരേ സമയത്തെത്തിയപ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്ന വേണാടിന് കുമാര്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരുന്നു വന്ദേ ഭാരതിന്‍റെ പരീക്ഷണ യാത്ര.
അതേസമയം വന്ദേ ഭാരതിന്‍റെ രണ്ടാംഘട്ട പരീക്ഷ ഓട്ടം ഇന്ന് പുലര്‍ച്ചെ 5.20ന് വീണ്ടും ആരംഭിച്ചു. സര്‍വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തില്‍ കാസര്‍കോട് വരെയാണ് പരീക്ഷണ ഓട്ടം. വന്ദേ ഭാരതിന്‍റെ വേഗതയും സുരക്ഷയും കൂടുതല്‍ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. ആദ്യ പരീക്ഷണ ഓട്ടത്തിന് നേടിയതിനേക്കാള്‍ അധികം വേഗത നേടാനാണ് ശ്രമം.
വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് ഈ മാസം 25 ന് പ്രധാനമന്ത്രി നിര്‍വഹിക്കും. 70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിന്‍റെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുമെന്നും ഇതിലൂടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.