തിരുവനന്തപുരം: നൂറു രാജ്യങ്ങളുടെ കലാ സാംസ്‌കാരിക ചരിത്രത്തെ തന്‍റെ സർഗ സൃഷ്ടിയിലൂടെ അവതരിപ്പിച്ചു വ്യത്യസ്തയാകുകയാണ് ഡോ. സിഗ്മ സതീഷ് എന്ന എഴുത്തുകാരി. കവി, ലേഖിക, എഡിറ്റര്‍, നിരൂപക എന്നീ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകൾ സാഹിത്യ ലോകത്തിനു നൽകിയ ഡോ. സിഗ്മ 'ഔവര്‍ ലൗലി എര്‍ത്ത്' എന്ന ഹൈക്കു കവിതാ സമാഹാരത്തിലൂടെയാണ് പ്രശസ്തയാകുന്നത്. ജപ്പാനിലെ പ്രശസ്ത ഹൈക്കു കവിയായ ടാരോ ഐസുവുമായുള്ള സൗഹൃദമാണ് സിഗ്മയെ ഈ രംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യ ,ജപ്പാൻ,അഫ്ഗാനിസ്ഥാൻ,ചൈന, നൈജീരിയ,ബഹ്റിൻ,ഹോങ്കോങ് തുടങ്ങി ചെറുതും വലുതുമായ നൂറോളം രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങൾ തേടിയുള്ള യാത്ര വളരെ ശ്രമകരമായിരുന്നെന്ന് സിഗ്മ തന്നെ പറയുന്നു.
ഹൈക്കു കവിതകളിലൂടെ ലോകശ്രദ്ധ നേടി ഒരു മലയാളി - malayali
'ഔവര്‍ ലൗലി എര്‍ത്ത്' എന്ന ഹൈക്കു കവിതാ സമാഹാരത്തിലൂടെയാണ് ഡോ. സിഗ്മ പ്രശസ്തയാകുന്നത്.
ടാരോ ഐസു തന്‍റെ സൃഷ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമക്ക് നല്‍കിയപ്പോള്‍ സിഗ്മ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് സമ്മാനിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ ഡോ. സിഗ്മ നിലവിൽ കരമന എന്‍എസ്എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ്. അഞ്ചു വര്‍ഷത്തോളം ഒമാനിലെ മിനിസ്ട്രി ഓഫ് മാന്‍ പവറില്‍ ലക്ചററായും സേവനം അനുഷ്ടിച്ചിട്ടുള്ള ഈ യുവ എഴുത്തുകാരി ഏഴിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായിരിക്കുകയും തസ്‌ളീമ നസ്‌റിന്‍റെ ഉൾപ്പെടെ പ്രണയ കവിതകള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും സ്ത്രീപക്ഷ ചിന്താഗതികളിൽ അടിസ്ഥാനമാക്കിയായിരുന്നു സിഗ്മയുടെ പല രചനകളും. ഫെമിന്‍സ് ബ്ലൂസ്, സെര്‍പന്റൈന്‍ പോയംസ്, സമ്മര്‍ ഡ്രീംസ് എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. സമ്മര്‍ഡ്രീംസ്, ഫെമിനന്‍സ് ബ്ലൂസ്, ഔവര്‍ ലൗലി എര്‍ത്ത് എന്നീ കൃതികൾക്ക് ഒഡീഷ സർക്കാരിന്‍റെ പ്രത്യേക പുരസ്‌കാരങ്ങൾക്ക് പുറമെ മികച്ച സാഹിത്യ സൃഷ്ടിക്കുള്ള മീരാ ഭായ് പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ സിഗ്മയെ തേടിയെത്തിയിട്ടുണ്ട്.