കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ വി വി രാജേഷ് തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി ജില്ല പ്രസിഡന്‍റ് വിവി രാജേഷ്. അടിയന്തരമായി അക്രമിയെ അറസ്‌റ്റ് ചെയ്‌ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിവി രാജേഷ് ആവശ്യപ്പെട്ടു. മന്ത്രിയുടെ വീടിനും സ്‌റ്റാഫുകൾക്കും മതിയായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
'വി മുരളീധരന്‍റെ കൊച്ചുള്ളൂരിലെ വാടകവീടിന് നേരെയാണ് അക്രമണമുണ്ടായത്. മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും' വി വി രാജേഷ് പറഞ്ഞു.
'മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷന്‍റെ സമീപത്തു നിന്ന് മന്ത്രിയുടെ വസതിയിലേയ്‌ക്ക് നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. മന്ത്രി വരുമ്പോൾ താമസിക്കുന്ന വസതിയാണിത്. മന്ത്രിയെ കാണാൻ നിരവധി പേർ വരുന്ന സ്ഥലവുമാണിത്'.
'പൊലീസിന്‍റെ നിരീക്ഷണം ഉണ്ടാകേണ്ടതായിരുന്നു. രണ്ടുമൂന്നു വർഷമായി വി മുരളീധരന് പൊലീസ് ആവശ്യമായ സുരക്ഷ പോലും കൊടുക്കാത്ത സ്ഥിതിയാണ്. പൊലീസിന്‍റെയും സർക്കാരിന്‍റെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നത്'.
also read: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിനുനേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു, കാര്‍പോര്‍ച്ചില്‍ രക്തക്കറ
'അക്രമി കുറെ നേരം വീടിനു സമീപം നിന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്. മന്ത്രി മുകളിലെ നിലയിലാണ് താമസിക്കുന്നതെന്ന് അറിയാവുന്ന ആളായിരിക്കും അക്രമി. മന്ത്രിയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അതിനാല്‍, അടിയന്തരമായി അക്രമിയെ അറസ്‌റ്റ് ചെയ്‌ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും' വിവി രാജേഷ് ആവശ്യപ്പെട്ടു.