തിരുവനന്തപുരം : താൻ പുറത്തുവിട്ട കണക്കുകൾക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാതെ അരിയെത്രെയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്നാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan against KN Balagopal). നെല്ല് സംഭരണത്തിൽ കേന്ദ്രം വർദ്ധിപ്പിച്ച തുക കർഷകർക്ക് നൽകാതെ സംസ്ഥാനം തടഞ്ഞുവയ്ക്കുന്നു. ആ പണം മറ്റെന്തൊക്കെയോ ആവശ്യത്തിന് വിനിയോഗിക്കുന്നു. ഇങ്ങനെയാണ് കർഷകർ ആത്മഹത്യയിലേക്ക് പോകുന്നത്.
കേന്ദ്ര വിഹിതം മുടങ്ങുന്നത് കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തത് മൂലമാണ്. യുജിസി ഗ്രാൻഡിന് സമയബന്ധിതമായി
അപേക്ഷ നൽകിയെങ്കിൽ ധനമന്ത്രി തെളിവ് പുറത്തുവിടട്ടെ. കേന്ദ്രം നൽകാനുള്ള പണം സംബന്ധിച്ച് സംസ്ഥാന സർക്കാറിന് പരാതി ഉണ്ടെങ്കിൽ ധവള പത്രം ഇറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
കേരളീയത്തിന് ചെലവാക്കാൻ 100 കോടി ഉണ്ട്. എന്നാൽ കർഷകർക്ക് നൽകാൻ പണം ഇല്ല. ഒരു കുടിശ്ശികയും നിലവിൽ കേന്ദ്രം തരാനില്ല. രേഖകൾ പരിശോധിച്ച് ഇതില്‍ വിശദമായി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യുന്നതിന് പകരം ക്ഷേമ പെൻഷന്‍റെ കണക്കടക്കം കൃത്യമായി കേന്ദ്രത്തിന് നൽകുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
കണക്ക് വ്യക്തമാക്കി ധനമന്ത്രി :21,798 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന കുടിശ്ശിക. 2021-22 ല്‍ 6400 കോടി രൂപ അധിക കുടിശ്ശിക വന്നു എന്നാണ് കണക്ക്. മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്‌തമായി പുതിയൊരു ഇനം കൂടി കുടിശ്ശികയായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇതിന് കാരണം.