തിരുവനന്തപുരം: കൊച്ചിയില്‍ സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച മഹാ നിക്ഷേപക സംഗമത്തില്‍ നിന്ന് വിട്ടു നിന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പച്ചകള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ടു നിന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജമായ കണക്കുകള്‍ നിരത്തി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
'കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്. റിസര്‍വ് ബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം കേരളമാണ്. വ്യവസായ യൂണിറ്റുകളില്‍ തമിഴ്‌നാട്ടില്‍ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 76 ലക്ഷം കോടി രൂപയുടെതാണ്'.
വ്യക്തികളുടെ സംരംഭങ്ങള്‍ സര്‍ക്കാര്‍ കണക്കില്‍പ്പെടുത്തുന്നു:'വിവിധ വ്യവസായ യൂണിറ്റുകളില്‍ തമിഴ്‌നാട് 26 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിടിച്ചപ്പോള്‍ കേരളത്തില്‍ 3.34 ലക്ഷമായി ചുരുങ്ങി. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ട് വായ്‌പയെടുത്ത് വ്യക്തികള്‍ സ്വന്തം നിലയില്‍ തുടങ്ങുന്ന സംരംഭങ്ങളും സര്‍ക്കാരിന്‍റെ കണക്കില്‍പ്പെടുത്തി മേനി നടിക്കാനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നതെന്നും' പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളത്തിന്‍റെ വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അടിസ്ഥാനരഹിതമായ കണക്കുകള്‍ നിരത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ നടന്ന സംരംഭക സംഗമത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നത്. നിക്ഷേപ സംഗമത്തില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷത്തിന്‍റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വിമര്‍ശനം: 'സംരംഭക സംഗമത്തില്‍ ആരേയും സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിട്ടില്ല. നമ്മുടെ നാട് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നമാണിത്. നാടിന്‍റെ വികസനത്തെ ബാധിക്കുന്ന പ്രശ്‌നമാണിത്'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.