തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി വീടും സ്ഥലവും നഷ്‌ടമായി സിമൻ്റ് ഗോഡൗണിൽ നാല് വർഷത്തിലധികമായി ദുരിത ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇവർ താമസിക്കുന്ന ഗോഡൗണിലെത്തി കേക്ക് മുറിച്ചും ഭക്ഷ്യധാന്യങ്ങൾ നൽകിയുമാണ് പ്രതിപക്ഷ നേതാവ് ക്രിസ്‌മസ് ആഘോഷിച്ചത്. മറ്റ് ക്രിസ്‌മസ് വിരുന്നുകളെല്ലാം ഉപേക്ഷിച്ചാണ് പ്രതിപക്ഷ നേതാവ് മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ചത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് - വി ഡി സതീശന്‍
വീടും സ്ഥലവും നഷ്‌ടമായി സിമന്‍റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കൊപ്പമാണ് വി.ഡി സതീശന്‍ ക്രിസ്‌മസ് ആഘോഷിച്ചത്
നേരത്തെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചിരുന്നു. വായുവും വെളിച്ചവും കടക്കാത്ത ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ദുരിതം ഏറെ വികാരാധീനനായാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ അടക്കം ഉന്നയിച്ചത്. ഇവിടുത്തെ സന്ദർശനത്തിനുശേഷം മനസിൽ എപ്പോഴും ഇവിടത്തെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതമായിരുന്നു. അതുകൊണ്ടാണ് ക്രിസ്‌മസ് ഇവരോടൊപ്പം ആക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇവരുടെ പുനരധിവാസം ഉൾപ്പെടെ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതു വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. എം.വിൻസെൻ്റ് എം.എൽ.എയും പ്രതിപക്ഷ നേതാവിനൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു.