രാപ്പകൽ സമരത്തിന്‍റെ സമാപനത്തിൽ വി ഡി സതീശൻ തിരുവനന്തപുരം : കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ എൻ കെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിൽ നൽകിയ മറുപടി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നികുതി പിരിവിലുണ്ടായ വീഴ്‌ചയ്‌ക്കെതിരെ ആഞ്ഞടിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുഡിഎഫിന്‍റെ രാപ്പകൽ സമരത്തിന്‍റെ സമാപനത്തിൽ സംസാരിച്ചത്. ഐജിഎസ്‌ടി വിഹിതം സംസ്ഥാനത്തിന് നൽകാത്തത് എന്തുകൊണ്ടെന്ന എൻ കെ പ്രേമചന്ദ്രൻ എം പി യുടെ പാർലമെന്‍റിലെ ചോദ്യത്തിനായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്‍റെ മറുപടി.
2017 മുതൽ എ ജിയുടെ സർട്ടിഫിക്കേഷൻ കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. കണക്കുകൾ ഹാജരാക്കിയാൽ കുടിശിക നല്‍കാൻ ബുദ്ധിമുട്ട് ഒന്നുമില്ലെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ ജിഎസ്‌ടി കുടിശികയല്ല സംസ്ഥാനം ഉന്നയിച്ചതെന്നും സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കേന്ദ്രം വെട്ടികുറയ്‌ക്കുന്നതാണ് ചൂണ്ടിക്കാട്ടിയതെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
അതേസമയം ജിഎസ്‌ടി വരുമാനത്തിൽ 25% വർധനവാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന കെ എൻ ബാലഗോപാലിന്‍റെ വാദത്തെ ഐജിഎസ്‌ടി രേഖകൾ സമർപ്പിക്കാത്തതിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. അഞ്ച് വർഷം കൊണ്ട് 53,000 കോടിയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത്. മഹാമാരി കാരണം രണ്ട് തവണ ഇത് മുടങ്ങി.
എന്നാൽ ഈ ഇനത്തിൽ 750 കോടി മാത്രം ലഭിക്കാനിരിക്കെ നാലാമത്തെ വർഷം ഇത് 4000 കോടിയായി കുറച്ചുവെന്ന് സർക്കാർ കള്ളം പറയുകയാണ്. കൃത്യമായ രേഖകൾ നൽകാത്തത് കൊണ്ട് ഐജിഎസ്‌ടി നികുതിയിൽ അഞ്ച് കൊല്ലം കൊണ്ട് 25,000 കോടി രൂപയുടെ നഷ്‌ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. യുഡിഎഫ് സർക്കാരിന് ലഭിച്ചതിന്‍റെ ഇരട്ടി തുകയാണ് എൽഡിഎഫ് സർക്കാരിന് ലഭിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിഷയത്തിൽ ഐജിഎസ്‌ടി പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട 5000 കോടി രൂപ നഷ്‌ടമാകുന്നുവെന്ന കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു തന്‍റെ ചോദ്യമെന്നും ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ പ്രതികരണത്തിൽ എൻ കെ പ്രേമചന്ദ്രൻ തിരിച്ചടിച്ചിരുന്നു.