തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. പി.ടി തോമസ് എംഎൽഎയാണ് സഭ നിർത്തിവച്ച് മരംമുറി കേസ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. എന്നാൽ വയനാട്ടിൽ നടന്നത് സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു കൊണ്ടുള്ള മരം മുറി ആണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
മുട്ടില്‍ മരംമുറി കേസ്: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് 10 കോടി വില വരുന്ന 101 മരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവത്തിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തു. മുറിച്ച തടികൾ പെരുമ്പാവൂരിലേക്ക് കടത്തുകയാണുണ്ടായത്. തക്ക സമയത്ത് നടപടി സ്വീകരിച്ചതിനാൽ കോടികൾ വിലമതിക്കുന്ന തടികൾ പിടിച്ചെടുത്തു. ഈ തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടികൾ സ്വീകരിച്ചു വരികയാണ്. കേസിൽ ആവശ്യമെങ്കിൽ മറ്റു ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. വന നശീകരണം നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും അവർക്ക് ഒരു ആനുകൂല്യവും ഉണ്ടാകില്ലെന്നും വനം വകുപ്പ് മന്ത്രി സഭയിൽ വിശദീകരിച്ചു.
Also Read: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി
അതേസമയം, വനം കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വയനാട്ടിൽനിന്ന് പുറത്തുവരുന്നതെന്ന് പി.ടി തോമസ് എംഎൽഎ പറഞ്ഞു. ആദിവാസികളെയും കൃഷിക്കാരെയും തെറ്റിദ്ധരിപ്പിച്ചാണ് വനം കൊള്ള നടന്നത്. മുറിച്ച് കടത്തിയ തടിയുടെ നല്ലൊരുഭാഗം തടിമില്ലിൽ എത്തിയിട്ടും നടപടി സ്വീകരിച്ചില്ല. മരത്തിന്‍റെ 60% സർക്കാരിന് എന്നാണ് പ്രതികൾ പറഞ്ഞത്. ഈ 60% ആരുടെ പോക്കറ്റിലേക്കാണ് പോയത് എന്ന് പി.ടി തോമസ് ചോദിച്ചു. കേരളം മുഴുവൻ പൊലീസ് കാവലിൽ നിൽക്കെ വയനാട്ടിൽ നിന്ന് തടി എങ്ങനെ എറണാകുളത്തെ തടിമില്ലിൽ എത്തി. പ്രതികൾക്ക് എങ്ങനെയാണ് സർക്കാരിനെ സ്വാധീനിക്കാൻ കഴിഞ്ഞതെന്ന് ചോദിച്ച പി.ടി തോമസ് കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു.
കേസിൽ പ്രതികൾ എത്ര ഉന്നതരായാലും കർശന നടപടി സർക്കാർ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി രാജൻ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾക്കുവേണ്ടി നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി
Also Read: ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി
അതേസമയം, വനം മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഒക്ടോബർ 24 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് കോടികളുടെ മരം മുറി നടന്നത്. ഫെബ്രുവരി രണ്ടിനാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. ഈ കാലയളവിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്. റവന്യൂ സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും തലയിൽ കുറ്റം കെട്ടിവെച്ച് കൈകഴുകാനാണ് സർക്കാർ ശ്രമിക്കുന്നത്.
സത്യസന്ധമായി കേസന്വേഷിച്ച റേഞ്ച് ഓഫിസറെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് ഉണ്ടായത്. കർഷകരെ മുന്നിൽനിർത്തി പ്രതിരോധിക്കുന്ന റവന്യൂ മന്ത്രി റവന്യൂ ഉദ്യോഗസ്ഥരുടെ കെണിയിൽ വീണു പോയെന്നും സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാർ ആണോ എന്നും പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു.
വന മന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും മറുപടിയെ തുടർന്ന് സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സർക്കാർ നിലപാട് തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ വാക്കൗട്ട് നടത്തി.