തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിർമാണം സംബന്ധിച്ച് നിയമസഭയിൽ പ്രത്യേക ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോവളം എംഎൽഎ എം. വിൻസെന്‍റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നുമണി വരെ രണ്ട് മണിക്കൂർ ചർച്ചയാകാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സമീപകാലത്തുയർന്ന പ്രശ്നങ്ങൾ സങ്കീർണമായ പശ്ചാത്തലത്തിൽ സർക്കാർ ഒരു ചർച്ചയ്ക്ക് തയ്യാറായത് ശ്രദ്ധേയമാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കവേയാണ് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്തി മുൻകൈ എടുക്കുന്നില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത ആരോപിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ചർച്ചയിൽ മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.