കേരളം

kerala

ETV Bharat / state

Kerala DGP| പൊലീസ് മേധാവിയാകാൻ 3 പേർ: അന്തിമ തീരുമാനം മന്ത്രിസഭ യോഗത്തിൽ - ഹരിനാഥ് മിശ്ര

ചുരുക്കപ്പട്ടികയിൽ ഉള്ളത് അഗ്നിരക്ഷാവിഭാഗം മേധാവി ഷേക്ക് ദർവേഷ് സാഹിബ്‌, കേന്ദ്ര ഇന്‍റലിജൻസ് ബ്യുറോ അഡീഷണൽ ഡയറക്‌ടർ ഹരിനാഥ് മിശ്ര, ജയിൽ മേധാവി കെ പദ്‌മകുമാർ എന്നിവർ. അന്തിമ തീരുമാനം മന്ത്രിസഭ യോഗത്തിൽ.

upsc approves kerala dgp final list  kerala dgp final list  three members kerala dgp final list  upsc  Kerala DGP  പുതിയ പൊലീസ് മേധാവി  ഡിജിപി  പുതിയ പൊലീസ് ഡിജിപി  പൊലീസ് മേധാവി കേരളം  ഷേക്ക് ദർവേഷ് സാഹിബ്‌  കെ പദ്‌മകുമാർ  ഹരിനാഥ് മിശ്ര  മന്ത്രിസഭ യോഗം ഡിജിപി
Kerala DGP

By

Published : Jun 20, 2023, 11:24 AM IST

Updated : Jun 20, 2023, 12:22 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായുള്ള ചുരുക്കപ്പട്ടികയിൽ മൂന്ന് പേർ. അഗ്നിരക്ഷാവിഭാഗം മേധാവി ഷേക്ക് ദർവേഷ് സാഹിബ്‌, കേന്ദ്ര ഇന്‍റലിജൻസ് ബ്യുറോ അഡീഷണൽ ഡയറക്‌ടർ ഹരിനാഥ് മിശ്ര, ജയിൽ മേധാവി കെ പദ്‌മകുമാർ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. യുപിഎസ്‌സിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

ചുരുക്ക പട്ടികയിൽ നിന്നുമാകും സർക്കാർ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുക. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 30ന് സർവിസിൽ നിന്നും വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് സേനയിൽ പുതിയ മേധാവിയുടെ നിയമനം.

ഇന്നലെ വൈകിട്ട് ഡൽഹിയിൽ ചേർന്ന യുപിഎസ്‌സിയുടെ യോഗത്തിലായിരുന്നു മൂന്ന് പേരുടെ പട്ടിക പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടന സംഘത്തിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി വി പി ജോയ് ഡൽഹിയിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാനായി നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. പൊലീസ് മേധാവി അനിൽ കാന്തും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഈ മാസം 30ന് അനിൽ കാന്ത് ഐപിഎസ് വിരമിക്കുന്നതിന് മുൻപായി പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കും. മന്ത്രിസഭ യോഗം ചേർന്നാകും മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നും പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുക. കഴിഞ്ഞ മാസമായിരുന്നു പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കാനായി സംസ്ഥാനം എട്ട് പേരുടെ പട്ടിക യുപിഎസ്‌സിക്ക് കൈമാറിയത്.

സംസ്ഥാനത്ത് ജോലി ചെയ്യുന്ന അഞ്ച് സീനിയര്‍ ഐപിഎസ്‌ ഉദ്യോഗസ്ഥരുടെയും സംസ്ഥാന കേഡറില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് പേരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി എട്ട് പേരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് പേരും ആദ്യം സംസ്ഥാനത്തേക്കില്ലെന്ന് അറിയിച്ചുവെങ്കിലും പട്ടിക കൈമാറും മുന്‍പ് ഒരിക്കല്‍ കൂടി ഇവരുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ പൊലീസ് മേധാവിയാകാന്‍ തങ്ങളും തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിതിന്‍ അഗര്‍വാള്‍, ഹരിനാഥ് മിശ്ര, രാവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ കൂടി അവസാന ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ഇതിന് പുറമെ ഇന്‍റലിജന്‍സ് എഡിജിപി ടി കെ വിനോദ്‌ കുമാര്‍, കോസ്‌റ്റല്‍ എഡിജിപി സഞ്ജീവ് കുമാര്‍ പട്‌ജോഷി, എഡിജിപിയും ബെവ്റേജസ് കോര്‍പറേഷന്‍ എംഡിയുമായ യോഗേഷ് ഗുപ്‌ത എന്നിവര്‍ കൂടി ഉള്‍പ്പെട്ട എട്ട് പേരുടെ പാനലാണ് സംസ്ഥാനം കൈമാറിയിരിക്കുന്നത്.

30 വര്‍ഷത്തെ സര്‍വീസുള്ളവരെയും ആറ് മാസത്തില്‍ കുറയാത്ത സര്‍വീസ് അവശേഷിക്കുന്നവരെയുമാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേരത്തെ സംസ്ഥാന പൊലീസ് മേധാവിയെ സര്‍ക്കാര്‍ സ്വന്തം താത്പര്യ പ്രകാരമാണ് നിയമിച്ചിരുന്നത്. എന്നാല്‍ 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അന്നത്തെ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ നീക്കി പകരം ലോക്‌നാഥ് ബഹ്‌റയെ പൊലീസ് മേധാവിയാക്കി.

ഇതിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. 2017ലെ ഈ സുപ്രീംകോടതി ഉത്തരവില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു പട്ടിക തയ്യാറാക്കി യുപിഎസ്‌സിക്ക് കൈമാറി അതില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ നിന്നേ പൊലീസ് മേധാവിയെ നിശ്ചയിക്കാവൂ എന്ന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനം എട്ട് പേരുടെ പാനല്‍ തയ്യാറാക്കി യുപിഎസ്‌സിക്ക് കൈമാറിയത്.

Last Updated : Jun 20, 2023, 12:22 PM IST

ABOUT THE AUTHOR

...view details