തിരുവനന്തപുരം:സംസ്ഥാനത്തെ അധ്യാപകരെ വലച്ച വിവരശേഖരണം ഒടുവിൽ പൂർത്തിയായി (Uploading Students Data Collection Completed). പിന്നാലെ ഓണക്കാലത്ത് അധ്യാപകരെ വലച്ചതിന് സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളും നിറഞ്ഞു. സംസ്ഥാനത്തെ 2022- 23 അക്കാദമിക വർഷത്തെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ കേന്ദ്രസർക്കാർ പോർട്ടലായ യുഡയസിൽ ചേർക്കുന്ന പ്രവൃത്തിയാണ് അധ്യാപകരെ ഓണവധി കാലത്ത് വലച്ചത്.
ഓരോ വിദ്യാർഥിയുടെയും 54 വിവരങ്ങളാണ് ചേർക്കേണ്ടത്. വിവരങ്ങൾ ചേർക്കുമ്പോൾ രക്ഷിതാക്കളുടെ പേരും ഫോൺ നമ്പറും നൽകേണ്ടതില്ലെന്നാണ് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ നിർദേശിച്ചത്. എന്നാൽ ഈ വിവരങ്ങൾ നൽകാതെ പോർട്ടലിൽ ഡാറ്റ സേവ് ചെയ്യാൻ ആകില്ല. ഡാറ്റ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നുള്ള വിദ്യാഭ്യാസ ഫണ്ട് മുടങ്ങും എന്ന സാഹചര്യമായതോടെ കേരളം നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
ഡാറ്റാ ഫോമിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളങ്ങൾക്ക് പുറമെയാണ് രക്ഷിതാവിന്‍റെ പേര് എന്ന പ്രത്യേക കോളമുള്ളത്. മറ്റു വിവരങ്ങൾ സംസ്ഥാനത്തിന്‍റെ സമ്പൂർണ്ണ പോർട്ടലിൽ നിന്ന് മാറ്റാൻ സൗകര്യം ഉണ്ട്. എന്നാൽ രക്ഷിതാവിന്‍റെ പേര് വിവരങ്ങൾ പ്രത്യേകമായി ഉൾപെടുത്തണം. രക്ഷിതാവിന്‍റെ ഫോൺ നമ്പറും ഇമെയിലും വിവര ശേഖരണത്തിൽ ചോദിക്കുന്നുണ്ട്.
അധ്യാപകർക്ക് പോർട്ടൽ ഇന്ത്യ ലോഗിൻ പാസ്സ്‌വേർഡ് വൈകിയാണ് ലഭിച്ചത്. പോർട്ടൽ സെപ്റ്റംബർ മൂന്ന് ഓടുകൂടി ക്ലോസ് ചെയ്യുമെന്നും നിർദേശം വന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടായിരുന്നു. എങ്കിലും അനുകൂല തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. ഇതാണ് അധ്യാപകരെ വലച്ചത്.