തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ തലസ്ഥാനം സംഘര്‍ഷഭൂമിയായി. വൈകിട്ട് അഞ്ച് മണിയോടെയാണ് കെ.എസ്.യു പ്രവര്‍ത്തകനായ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ചോദ്യം ചെയ്ത് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കോളജിലേക്ക് എത്തിയത്.
ഇവരെ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോളജിന് അകത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്ത് കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ വെല്ലുവിളിയും മുദ്രവാക്യവും മുഴക്കി. ഇതിനിടെ കോളജിന് അകത്ത് നിന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായ കല്ലേറുണ്ടായി. പൊലീസിനെ മറികടന്ന് എസ്.എഫ്.ഐ -കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പട്ടിക കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചു. ചെവിക്ക് പരിക്കേറ്റ അഭിജിത്ത് ആശുപത്രിയില്‍ പോകാതെ റോഡില്‍ തന്നെ കുത്തിയിരുന്നു പ്രതിഷേധിച്ചു.