കേരളം

kerala

ETV Bharat / state

എസ്‌എഫ്‌ഐക്കെതിരായ സമരത്തില്‍ നിന്ന് എഐഎസ്‌എഫ് പിന്‍മാറുന്നു

രണ്ട് സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളും സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.

എസ്‌എഫ്‌ഐക്കെതിരായ സമരത്തില്‍ നിന്ന് എഐഎസ്‌എഫ് പിന്‍മാറുന്നു

By

Published : Jul 19, 2019, 5:33 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരായ സമരത്തില്‍ നിന്ന് എഐഎസ്‌എഫ് പിന്‍മാറുന്നു. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ രണ്ട് സംഘടനകള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്ന് എഐഎസ്എഫ് പിന്മാറുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തെ തുടര്‍ന്ന് ക്യാമ്പസുകളിലെ എസ്‌എഫ്‌ഐയുടെ ഏക സംഘടനാതത്ത്വത്തിനെതിരെ ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ വിദ്യാര്‍ഥി സംഘടന എഐഎസ്‌എഫ് രംഗത്ത് വന്നിരുന്നു. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്ക് എഐഎസ്‌എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. എന്നാല്‍ എഐഎസ്‌എഫ് സമരം സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആയുധമാകുന്നുവെന്ന് തിരിച്ചറിഞ്ഞ സിപിഎം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

ബുധനാഴ്‌ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന കോടിയേരിയുടെ നിര്‍ദേശം യോഗത്തിലുണ്ടായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അംഗീകരിച്ചു.

എസ്‌എഫ്‌ഐക്കെതിരായ സമരം സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറുമ്പോള്‍ അതില്‍ എഐഎസ്‌എഫ് പങ്കെടുക്കേണ്ടതില്ലെന്നും ഇപ്പോഴത്തെ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്‍മാറാമെന്നും കാനം അറിയിച്ചു. ഇതിനെ തുടര്‍ന്ന് എസ്‌എഫ്‌ഐ വിരുദ്ധ സമരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എഐഎസ്‌എഫ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സിപിഐ നാഷണല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ്‌-സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയ കാനം രാജേന്ദ്രന്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. എസ്‌എഫ്‌ഐക്ക് സ്വാധീനമുള്ള കോളജുകളില്‍ തങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് എഐഎസ്എഫിന്‍റെ ആവശ്യം.

ABOUT THE AUTHOR

...view details