തിരുവനന്തപുരം : സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ പദവിയില്‍ നിന്നും ഗവർണറെ ഒഴിവാക്കുന്ന ബിൽ നിയമസഭയുടെ പരിഗണനയിൽ. ബില്ലിൽ പ്രതിപക്ഷം തടസ വാദം ഉന്നയിച്ചു. തട്ടിക്കൂട്ടിയ ബില്ലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
റൂൾസ് ഓഫ് ബിസിനസിന്‍റെ ലംഘനമാണ് ബില്ലിൽ നടത്തിയിരിക്കുന്നത്. നിയമന അധികാരിയായ മന്ത്രിക്ക് ചാൻസലർ അധികാരം വീതിച്ചുനൽകേണ്ടി വരും. ചാൻസലറുടെ മിനിമം വിദ്യാഭ്യാസ യോഗ്യത പോലും പറയുന്നില്ല. പ്രായപരിധി സംബന്ധിച്ചും ബില്ലിൽ പറയുന്നില്ല.
ചാൻസലറായി ആരെയും നിയമിക്കാവുന്ന അവസ്ഥയാകും ഭാവിയിൽ ഉണ്ടാവുക. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാന്‍സലറാക്കാൻ സാധിക്കും. ഗവർണർക്ക് നൽകിയിരിക്കുന്ന അധികാരം പിൻവലിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ട്. എന്നാൽ പകരമായി കൊണ്ടുവരുന്ന സംവിധാനം മാർക്‌സിസ്റ്റ്‌വത്‌കരണത്തിനാണ്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും സതീശൻ പറഞ്ഞു.
നിലവിലേത് പിൻവലിച്ച് പ്രതിപക്ഷവുമായി ചർച്ച ചെയ്‌ത് ബിൽ തയാറാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. തടസവാദം ഉന്നയിക്കുമ്പോൾ രാഷ്‌ട്രീയം പറയരുതെന്നും നിയമവശം പറയണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്‌പീക്കർ സ്ഥാനത്ത് നിന്നിറങ്ങിയ ആള്‍ തന്നെ നിയന്ത്രിക്കേണ്ട എന്നായിരുന്നു സതീശന്‍റെ മറുപടി. ചെയറിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയ വിഷയത്തിൽ ഇത്തരമൊരു പരാമർശം ദൗർഭാഗ്യകരമാണെന്ന് എം ബി രാജേഷും പറഞ്ഞു.