തിരുവന്തപുരം: കേന്ദ്ര ബജറ്റ് സാധാരണക്കാരനോടുള്ള അവഹേളനമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. തൊഴിലുറപ്പ് വിഹിതം ഉയര്‍ത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 98,000 കോടി രൂപയായിരുന്നത് ഈ സാമ്പത്തിക വര്‍ഷം 73,000 കോടി രൂപയായി കുറഞ്ഞു.
അതേസമയം രാജ്യത്തെ വിലക്കയറ്റം നിയന്ത്രക്കാൻ കേന്ദ്രം എന്ത് നടപടിയെടുത്തുവെന്നും ഐസക് ചോദിച്ചു. ഒരോ പദ്ധതികൾക്കും പണം മാറ്റി വെയ്ക്കുന്ന പതിവില്ലെന്നും കേന്ദ്ര മന്ത്രി മുരളീധരന് ഇതിനെ കുറിച്ച് ധാരണയില്ലെന്നും ഐസക്ക് പറഞ്ഞു. അതേസമയം എൽ.ഐ.സി വിൽക്കാൻ ശ്രമിച്ചാൽ നേരിടേണ്ടി വരിക കർഷക സമരത്തേക്കാൾ വലിയ സമരമെന്നും അദ്ദേഹം പ്രതികരിച്ചു.
ജനവിരുദ്ധവും നിരാശാജനകമെന്ന് മന്ത്രി വീണ ജോര്‍ജ്
കേന്ദ്രബജറ്റ് ആരോഗ്യമേഖലയ്ക്ക് നിരാശാജനകമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കൊവിഡ് പ്രതിസന്ധി കാലത്ത് മുൻ വർഷങ്ങളിലുള്ള നീക്കിവയ്പ്പ് പോലും ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടില്ല. ദീർഘവീക്ഷണമില്ലാത്തതും ജനവിരുദ്ധവുമായ ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു. എയിംസ് എന്ന കേരളത്തിൻ്റെ ആവശ്യവും കേന്ദ്രം തള്ളി. വർഷങ്ങളായുള്ള ആവശ്യം നിരന്തരം തള്ളുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.