തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് പണികളിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പണികളിൽ ഇപ്പോഴും തെറ്റായ പ്രവണതകളുണ്ട്. ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കുക തന്നെ ചെയ്യും. നന്നായി ജോലി ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം തെറ്റ് ചെയ്യുന്നവരും തെറ്റായ പ്രവണതകൾക്ക് കൂട്ടുനിൽക്കുന്നവരും മാത്രം അസ്വസ്ഥരായാൽ മതിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിർമിക്കുന്ന റോഡുകൾ പെട്ടെന്ന് കേടുവരുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ അതിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പാളിച്ചകളിൽ കരാറുകാരെ നേരിടാൻ രണ്ടുവഴികളാണ് സ്വീകരിക്കുന്നത്.
പൊളിക്കുന്നവർ തന്നെ പണിയണം: കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും നഷ്‌ടം ഈടാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമാണ് നിലവിൽ കൈക്കൊള്ളുന്ന രീതി. പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ റണ്ണിങ് കോൺട്രാക്‌ട് സംവിധാനം റോഡിലെ കുഴികൾ വേഗത്തിൽ അടയ്‌ക്കാൻ സഹായകമായതായും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. റോഡുകൾ വെട്ടിപ്പൊളിക്കുന്നവർ തന്നെ അത് ശരിയാക്കണമെന്ന ഉത്തരവ് പൊതുമരാമത്ത് വകുപ്പ് ഫെബ്രുവരി 14ന് തന്നെ ഇറക്കിയതായും മന്ത്രി, സഭയെ അറിയിച്ചു.
പ്രതിപക്ഷ നേതാവായ വിഡി സതീശൻ ആണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. വാട്ടർ അതോറിറ്റി ആണ് ഏറ്റവും കൂടുതൽ റോഡുകൾ പൊളിക്കുന്നത്. അവർക്ക് റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയില്ല. അതിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജലവിഭവ മന്ത്രിയുമായി നിരന്തരം വിശകലനം ചെയ്യുന്നുണ്ടെന്ന് മന്ത്രി റിയാസ് ചോദ്യത്തിന് മറുപടി നൽകി.