തിരുവനന്തപുരം:സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് എതിര്‍ നിലപാട് കടുപ്പിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ രാജി വച്ചൊരാളെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടു വരുന്നതിലാണ് ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വിശദാംശങ്ങളടക്കം രാജ്ഭവന്‍ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നതാകും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ഭരണഘടനാവിരുദ്ധ പരമാര്‍ശത്തെ ഗൗരവമായി കാണണമെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെങ്കിലും കേസില്‍ കുറ്റവിമുക്തനാക്കിയോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രം സത്യപ്രതിജ്ഞ മതിയെന്നും നിയമോപദേശമുണ്ട്.
ഗവര്‍ണര്‍ ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ജനങ്ങല്‍ക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം സത്യപ്രതിജ്ഞ പാടില്ലെന്നും ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നുണ്ട്. ഇവ പരിഗണിച്ചാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ ദിവസം തന്നെ സത്യപ്രതിജ്ഞയിലെ തീരുമാനത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമാകുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടാനും വ്യക്തത വരുത്താനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതുവരെ സത്യപ്രതിജ്ഞയില്‍ തീരുമാനം വൈകിപ്പിക്കാം.
എംഎല്‍എയായിരിക്കുന്നൊരാള്‍ക്ക് മന്ത്രിയുമാകാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതാണ് സര്‍ക്കാര്‍ ആയുധമാക്കുന്നത്. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ നാളെ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.