ന്യൂഡല്‍ഹി: യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ അടക്കം നാല് പേർക്കെതിരെ വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലേക്കും ലുക്കൗട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്. വിദേശത്തുള്ള പ്രതികൾ ഇന്ത്യയിലേക്ക് മടങ്ങിയാല്‍ വിമാനത്താവളങ്ങളില്‍ നിന്നും അറസ്റ്റിലാകും.
യുഎൻഎ തട്ടിപ്പ്: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് - യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികൾക്കായി വിമാനത്താവളങ്ങലില്‍ ലുക്കൗട്ട് നോട്ടീസ്
വിദേശത്തുള്ള പ്രതികൾ ഇന്ത്യയിലേക്ക് മടങ്ങിയാല്‍ അറസ്റ്റിലാകും. കേന്ദ്രത്തിന്‍റെ നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം.
ക്രൈംബ്രാഞ്ച് ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്‍റെ നടപടി. ജാസ്മിൻ ഷായ്ക്ക് പുറമെ യുഎന്‍എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോൺ, ഡ്രൈവർ ജിത്തു, ഓഫീസ് സ്റ്റാഫ് നിധിൻ മോഹൻ എന്നിവർക്കെതിരെയുമാണ് നോട്ടീസ്. നേരത്തെ ക്രൈംബ്രാഞ്ച് സംഘം സംസ്ഥാനത്ത് വാർത്താ മാധ്യമങ്ങളിലടക്കം നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ താൻ വിദേശത്താണെന്നും നാട്ടിലെത്തുമ്പോൾ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നും ജാസ്മിൻ ഷാ അറിയിച്ചിരുന്നു. ജാസ്മിന്‍ ഷാ നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.
ജൂലൈ 19ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഇവർ ഖത്തറിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. പ്രതികൾ പേര് മാറ്റി പലയിടങ്ങളിലും താമസിക്കുന്നതായി വിവരം കിട്ടിയെന്നാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതിയും തള്ളിയതോടെയാണ് അറസ്റ്റിലേക്ക് കടക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംഘടനയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന മൂന്നരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ജാസ്മിന്‍ഷായടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. ആദ്യം തൃശൂർ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തിരുവനന്തപുരം യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു.